ഏഷ്യന്‍ ഗെയിംസില്‍ പുതുചരിത്രമെഴുതി ഇന്ത്യന്‍ വനിതകള്‍; വനിതാ ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം

ചൈനയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ സ്വര്‍ണവേട്ട ആരംഭിച്ചിരിക്കുന്നു. ശ്രലങ്കയെ തോല്‍പ്പിച്ച് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം സ്വര്‍ണം നേടിയിരിക്കുകയാണ്. ഷൂട്ടിംഗിലും ഇന്ന് ഇന്ത്യ സ്വര്‍ണം നേടിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ ടീം 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 116 റണ്‍സ് നേടി. താരതമ്യേന ചെറിയ സ്കോര്‍ ആയിരുന്നെങ്കിലും ശ്രലങ്കന്‍ ടീമിനെ ഇന്ത്യന്‍ ബോളര്‍മാര്‍ 8 വിക്കറ്റിന് 97 എന്ന നിലയില്‍ ഒതുക്കി. ഇന്ത്യക്ക് 19 റണ്‍സിന്‍റെ വിജയം.

ഇന്ത്യക്ക് വേണ്ടി സ്മൃതി മന്ദാന 45 പന്തില്‍ 46 റണ്‍സെടുത്തു. ജമീമ റോഡ്രിഗസ് 40 പന്തില്‍ 42 റണ്‍സ് നേടി. ഇരുവരുടെയും പോരാട്ടമാണ് ഇന്ത്യയെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്. ശ്രീലങ്കയ്ക്കായി ഹസിനി പെരേര 25 ഉം നിലാക്ഷി ഡി സെല്‍വ 23 റണ്‍സും നേടി. മൂന്ന് വിക്കറ്റ് നേടിയ ടിറ്റാസ് സാധു ഇന്ത്യയ്ക്കായി ബോളിംഗില്‍ തിളങ്ങി.

ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ്ങിൽ ലോക റെക്കോർഡോടെയാണ് ഇന്ത്യ ആദ്യ സ്വർണം നേടിയത്. പുരുഷമാരുടെ 10 മീറ്റർ എയർ റൈഫിൾ ടീമിനാണ് സ്വർണം. രുദ്രാൻഷ് ,ദിവ്യാൻഷ് , ഐശ്വര്യയ് തോമർ അടങ്ങുന്ന ടീമിനാണ് നേട്ടം. മൂന്നുപേരും വ്യക്തിഗത ഇനത്തിൽ ഫൈനലിൽ. 1893.7 മീറ്റർ പോയിന്റ് നേടി ഇന്ത്യൻ ടീം ലോക റെക്കോർഡ് കുറിച്ചു.തുഴച്ചിലിൽ ഒരു വെങ്കലം കൂടി ഇന്ത്യ നേടി. 4 പേരടങ്ങുന്ന പുരുഷ ടീമിനാണ് വെങ്കലം. ഇതോടെ ഇന്ത്യയുടെ മെഡൽ നേട്ടം 8 ആയി.

Related Posts