കൃത്രിമക്കാലിന്റെ ബലത്തിൽ ഇന്ത്യയ്ക്ക് പൊൻതിളക്കം; അഭിമാനമായി സുമിത് ആന്റിൽ.

ടോക്യോ: ജാവലിൻ ത്രോയിൽ ഇന്ത്യയ്ക്ക് മറ്റൊരു സ്വർണ നേട്ടം കൂടി. പാരലമ്പിക്സിൽ തിങ്കളാഴ്ച പുരുഷൻമാരുടെ (എഫ് 66) ജാവലിൻ ത്രോ ഇനത്തിൽ ഹരിയാന സോനിപ്പത്ത് സ്വദേശി സുമിത് ആന്റിലാണ് സ്വർണം നേടി ഇന്ത്യയുടെ അഭിമാന താരമായത്. പാരാലിമ്പിക്സിൽ ജാവലിൻ ത്രോയിൽ നിലവിലെ ലോക റെക്കോഡ് അഞ്ചുവട്ടം തിരുത്തിക്കൊണ്ടാണ് സുമിത് സ്വർണം നേടിയത്. 62.88 മീറ്ററായിരുന്നു ഈയിനത്തിൽ ലോക റെക്കോർഡ്.
ആദ്യതവണ 66.95 മീറ്റർ എറിഞ്ഞ സുമിത് തുടർന്ന് 68.08, 65.27, 66.71, 68.55 മീറ്റർ എറിഞ്ഞു. അവസാന ശ്രമം ഫൗളായി. അഞ്ചാമത്തെ അവസരത്തിൽ എറിഞ്ഞ 68.55 മീറ്റർ എന്ന പുതിയ ലോക റെക്കോർഡിലൂടെ ഇന്ത്യയ്ക്ക് ഒരു പൊൻതിളക്കം കൂടി നേടി കൊടുക്കുകയായിരുന്നു.
ഗുസ്തിക്ക് പേരുകേട്ട നാടാണ് സോനിപ്പത്ത്. ചെറുപ്പത്തിൽ ഗുസ്തി താരമാകണമെന്ന സുമിത്തിന്റെ സ്വപ്നം 2015 ഉണ്ടായ ഒരു ബൈക്ക് അപകടത്തിൽ തകർന്ന് വീഴുകയായിരുന്നു. ഗുസ്തി പരിശീലനം കഴിഞ്ഞ് വീട്ടിലേക്ക് തിരികെ വരുമ്പോഴുണ്ടായ ഒരു അപകടത്തിൽ 17-കാരനായിരുന്ന സുമിത്തിന് തന്റെ ഇടതുകാൽ നഷ്ടമായി. അപകടത്തിൽ പൂർണമായും തകർന്ന ഇടതുകാലിന്റെ മുട്ടിനു താഴേക്കുള്ള ഭാഗം മുറിച്ചുമാറ്റുകയായിരുന്നു.
എന്നാൽ ഇതൊന്നും സുമിത്തിനെ തളർത്തിയില്ല. കൃത്രിമക്കാലിന്റെ ബലത്തിൽ താരം ജീവിതം തിരികെ പിടിക്കാൻ ഉറപ്പിച്ചു. അപകടം നടന്ന് തൊട്ടടുത്ത വർഷം സുമിത് ജാവലിൻ ത്രോ താരം നീരജ് ചോപ്രയെ കുറിച്ചറിയുന്നു. നീരജായിരുന്നു പിന്നീട് പ്രചോദനം.
2016-ൽ ജാവലിൻ പരിശീലനം ആരംഭിച്ച സുമിത് 2019 ലോക പാരാ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ വെള്ളി നേടി. ഈ വർഷം പട്യാലയിൽ നടന്ന ഇന്ത്യൻ ഗ്രാൻപ്രിയിലായിൽ നീരജ് ചോപ്രയ്ക്കൊപ്പം മത്സരിക്കാനും സുമിത് എത്തിയിരുന്നു.