അവിശ്വസനീയ വിലയ്ക്ക് ലേലത്തിൽ പോയി അസമിലെ 'ഗോൾഡൻ പേൾ' തേയില; കിലോയ്ക്ക് 99,999 രൂപ
അസമിലെ ദിബ്രുഗഢ് ജില്ലയിൽ നിന്നുള്ള സ്പെഷ്യൽ തേയില ലേലത്തിൽ പോയത് കിലോയ്ക്ക് 99,999 രൂപ നിരക്കിൽ. രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് സ്പെഷ്യൽ തേയിലയ്ക്ക് റെക്കോഡ് വില ലഭിക്കുന്നത്.
എ എഫ് ടി ടെക്‌നോ ട്രേഡിന്റെ ഉടമസ്ഥതയിലുള്ള 'ഗോൾഡൻ പേൾ' ടീ ആണ് ഗുവാഹത്തിയിലെ ലേല കേന്ദ്രത്തിൽ റെക്കോഡ് വിലയ്ക്ക് വിറ്റുപോയത്. അസം ടീ ട്രേഡേഴ്‌സ് ഒരു കിലോ സ്‌പെഷ്യാലിറ്റി ചായ 99,999 രൂപയ്ക്ക് വാങ്ങിയതായി ജി ടി എ സി സെക്രട്ടറി പ്രിയനുസ് ദത്ത വെളിപ്പെടുത്തി.
ദിബ്രുഗഢ് വിമാനത്താവളത്തിനടുത്തുള്ള ലാഹോവലിലെ നഹോർചുക്ബാരി എന്ന സ്ഥലത്താണ് മേൽത്തരം ഇനം തേയില ഉത്പാദിപ്പിച്ചതെന്ന് ടീ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ അസം യൂണിറ്റ് സെക്രട്ടറി ദിപൻജോൾ ദേക പറഞ്ഞു.
2021 ഓഗസ്റ്റിൽ അരുണാചൽ പ്രദേശിലെ ഡോണി പോളോ ടീ എസ്റ്റേറ്റ് നിർമിച്ച 'ഗോൾഡൻ നീഡിൽ', അസമിലെ ഡികോം ടീ ഗാർഡനിലെ 'ഗോൾഡൻ ബട്ടർഫ്ലൈ' എന്നീ ഇനങ്ങൾ വെവ്വേറെ ലേലത്തിൽ കിലോയ്ക്ക് 75,000 രൂപയ്ക്ക് വിറ്റുപോയിരുന്നു.