ആരോഗ്യനില തൃപ്തികരം; ഉമ്മൻ ചാണ്ടിയെ ഉടൻ ബെംഗളൂരുവിലേക്ക് കൊണ്ടുപോകില്ല

തിരുവനന്തപുരം: ന്യൂമോണിയ ബാധിച്ച് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ഉടൻ ബെംഗളൂരുവിലേക്ക് കൊണ്ടുപോകില്ല. ന്യൂമോണിയ ഭേദമായ ശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി ഉമ്മൻ ചാണ്ടിയെ ബംഗളൂരുവിലേക്ക് കൊണ്ടുപോകും. നിലവിൽ അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ന്യൂമോണിയ ബാധ ഭേദമായശേഷം ഉമ്മൻ ചാണ്ടിയെ എയർ ആംബുലൻസിൽ ആകും കൊണ്ടുപോകുക. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ആരോഗ്യമന്ത്രി വീണാ ജോർജ് ചികിത്സയിൽ കഴിയുന്ന ഉമ്മൻ ചാണ്ടിയെ സന്ദർശിച്ചിരുന്നു. മെഡിക്കൽ ബോർഡ് രൂപീകരിച്ച് ചികിൽസ തുടരുമെന്ന് മന്ത്രി പറഞ്ഞിരുന്നു. അതേസമയം, ഉമ്മൻ ചാണ്ടിക്ക് ശരിയായ ചികിത്സ നൽകാൻ കുടുംബാംഗങ്ങൾക്ക് കഴിഞ്ഞില്ലെന്ന് സഹോദരൻ അലക്സ് വി. ചാണ്ടിയുടെ മകൻ അജയ് അലക്സ് ആരോപിച്ചു. അദ്ദേഹത്തിൻ്റെ ജീവൻ അപകടത്തിലായ സമയത്താണ് അച്ഛൻ അടക്കമുള്ളവർ പരാതിയുമായി എത്തിയത്. പരാതിയിൽ നിന്ന് പിൻമാറില്ലെന്നും ഡോക്ടർമാരുടെ പാനൽ രൂപീകരിച്ച് വിദഗ്ധ ചികിത്സ നൽകണമെന്നും അജയ് അലക്സ് പറഞ്ഞു.



Related Posts