സംഘർഷ ഭൂമിയിലെ നന്മയുള്ള കാഴ്ച; ഹൃദയം കവർന്ന് സൈനബയുടെ പുഞ്ചിരി
അഫ്ഗാനിസ്ഥാൻ: സാമൂഹിക സംഘർഷങ്ങൾ കൊണ്ട് വലഞ്ഞ അഫ്ഗാനിൽ നിന്നുള്ള ഹൃദയം നിറക്കുന്ന ഒരു വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ സജീവമാണ്. കുടുംബത്തിന് തന്നാൽ കഴിയും വിധം സഹായമാകുന്നതിനായി പേനകൾ വിൽക്കുന്ന സൈനബ സാറ എന്ന പെൺകുട്ടിയാണ് വീഡിയോയിൽ ഉള്ളത്. ട്വിറ്ററിലൂടെ നാഹിറ സിയാറ എന്ന അഭിഭാഷക സൈനബയെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുകയായിരുന്നു. കാറിലെത്തിയ യുവതി പേനകൾ വിറ്റു നടന്ന ബാലികയുടെ അടുത്ത് എത്തി വില ചോദിക്കുന്നു. 20 സെന്റ് എന്ന് കുട്ടി മറുപടി പറയുമ്പോൾ ഇത് മുഴുവൻ ഞാൻ വാങ്ങാം എന്നാണ് യുവതി പറയുന്നത്. മുഴുവൻ പേനകളും വാങ്ങിയപ്പോഴുള്ള സൈനബയുടെ നിറപുഞ്ചിരിക്ക് യുവതി നോട്ടുകൾ വച്ചു നീട്ടുന്നു. അവരെ നോക്കി ചിരിച്ച ശേഷം, പെൺകുട്ടി തെരുവിലേക്ക് ഓടി മറയുന്നതും കാണാം. 6.4 ലക്ഷം ആളുകളാണ് ഇതിനോടകം മഹനാസ് സഫി എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച വീഡിയോ കണ്ടത്. പെൺകുട്ടിയെ സഹായിക്കാൻ മനസ്സ് കാണിച്ചതോടൊപ്പം, അവളുടെ അധ്വാനത്തിനും ബഹുമാനം നൽകിയ യുവതിക്ക് അഭിനന്ദന പ്രവാഹമാണ്.