8 വർഷത്തിനുശേഷം ലോഗോ മാറ്റത്തിന് ഗൂഗിൾ ക്രോം

ടെക് ഭീമൻ ഗൂഗിൾ അതിന്റെ ജനപ്രിയ ഇന്റർനെറ്റ് ബ്രൗസറായ ക്രോമിന്റെ ലോഗോ മാറ്റുന്നു. എട്ട് വർഷത്തിന് ശേഷമാണ് ക്രോമിൻ്റെ ലോഗോയിൽ മാറ്റം വരുന്നത്. ഉത്പന്നത്തിന് ആധുനിക അനുഭവം പകർന്നു നൽകാനാണ് ശ്രമിക്കുന്നതെന്ന് ഗൂഗിൾ ക്രോം ഡിസൈനർ എൽവിൻ ഹു പറഞ്ഞു.

ക്രോം ദൃശ്യമാകുന്ന വ്യത്യസ്ത ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളെ അടിസ്ഥാനമാക്കിയാണ് മാറ്റങ്ങൾ വരുത്തുന്നതെന്ന് എൽവിൻ ട്വീറ്റ് ചെയ്തു. ക്രോമിൻ്റെ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിൽ സിസ്റ്റം ഐക്കണുകളുടെ രൂപവുമായി പൊരുത്തപ്പെടുന്നതിന് ഗ്രേഡിയന്റുകളില്ലാതെ തെളിച്ചമുള്ള നിറങ്ങളാണ് ഉപയോഗിക്കുന്നത്. മാക് ഒ എസിൽ അത് ത്രി ഡി ആയി കാണപ്പെടുന്നു. ബീറ്റയ്ക്കും ഡെവിനും വർണാഭമായ റിബണുകളാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഫെബ്രുവരി 4 മുതൽ പുതിയ ലോഗോ വന്നു തുടങ്ങിയിട്ടുണ്ട്. നിലവിൽ ബ്രൗസറിന്റെ ഡെവലപ്പർ പതിപ്പായ ക്രോം കാനറിയിൽ കാണാനാവും. അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ എല്ലാവർക്കും ലഭ്യമാകും. ഗൂഗിളിൻ്റെ ആധുനിക ബ്രാൻഡ് എക്‌സ്‌പ്രഷനുമായി ചേർന്ന് പോകുംവിധം ഷാഡോ നീക്കം ചെയ്തും അനുപാതങ്ങൾ പരിഷ്‌കരിച്ചും നിറങ്ങൾ തെളിച്ചമുള്ളതാക്കിയും ബ്രാൻഡ് ഐക്കൺ ലളിതമാക്കിയതായി എൽവിൻ അഭിപ്രായപ്പെട്ടു.

Related Posts