ചിക്കൻപോക്‌സ് വാക്‌സിൻ കണ്ടെത്തിയ മിചിയാക്കി തകഹാഷിക്ക് ആദരമായി ഗൂഗിൾ ഡൂഡിൽ

ചിക്കൻപോക്‌സിനെതിരെ ആദ്യത്തെ വാക്‌സിൻ വികസിപ്പിച്ച ജാപ്പനീസ് വൈറോളജിസ്റ്റ് ഡോ. മിചിയാക്കി തകഹാഷിയുടെ ജന്മദിനം ആഘോഷമാക്കി ഗൂഗിൾ ഡൂഡിൽ. തകഹാഷി വികസിപ്പിച്ചെടുത്ത വാക്സിൻ ഗുരുതരമായ പകർച്ചവ്യാധി തടയുന്നതിനുള്ള ഫലപ്രദമായ നടപടിയാണ്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് കുട്ടികൾക്ക് ഇത് നൽകപ്പെടുന്നു.

ജാപ്പനീസ് അതിഥി കലാകാരനായ തത്സുറോ കിയുച്ചിയാണ് ഡൂഡിൽ ഡിസൈൻ ചെയ്തത്. മാരകമായ പകർച്ചവ്യാധികൾ തരണം ചെയ്യാനും ലോകത്തെ മാറ്റി മറിക്കാനും പ്രതിരോധ വാക്സിനുകൾക്ക് കഴിയുമെന്ന് തത്സുറോ കിയുച്ചി പറഞ്ഞു.

ചരിത്രത്തിൽ ഇടം പിടിച്ച വ്യക്തികൾ, ലോകത്തെ മാറ്റിമറിച്ച സംഭവങ്ങൾ, മനുഷ്യരാശിക്ക് പ്രയോജനം ചെയ്ത സുപ്രധാനമായ കണ്ടുപിടുത്തങ്ങൾ തുടങ്ങിയവ പുതിയ തലമുറയുടെ ശ്രദ്ധയിൽ കൊണ്ടുവരാനും അനുസ്മരിക്കാനുമാണ് ഗൂഗിളിന്റെ ലോഗോയിൽ താത്കാലിക മാറ്റങ്ങൾ വരുത്തി ഗൂഗിൾ ഡൂഡിൽ ആവിഷ്കരിക്കുന്നത്. ഗൂഗിളിന്റെ സ്ഥാപകരായ സെർജി ബ്രിൻ, ലാറി പേജ് എന്നിവരാണ് ആദ്യ ഡൂഡിൽ വികസിപ്പിച്ചത്.1998-ൽ ബേണിങ്ങ് മാൻ ഫെസ്റ്റിവലിനോട് അനുബന്ധിച്ചായിരുന്നു അത്. നിലവിൽ ഡൂഡ്ലേഴ്സ് എന്ന പേരിൽ പ്രത്യേക വിഭാഗം തന്നെ കമ്പനിയിൽ പ്രവർത്തിക്കുന്നുണ്ട്. അതിഥി കലാകാരന്മാരെ ഉപയോഗിച്ചും ഡൂഡിൽ രൂപകൽപന ചെയ്യാറുണ്ട്.

Related Posts