ഗോസിപ്പുകൾ സത്യമായി, വിവാഹമോചന വാർത്ത സ്ഥിരീകരിച്ച് സാമന്ത
ചെന്നൈ: ഊഹാപോഹങ്ങൾക്കും ഗോസിപ്പുകൾക്കും വിരാമമിട്ട് വിവാഹ മോചനത്തെപ്പറ്റി മനസ്സുതുറന്ന് പ്രശസ്ത ദക്ഷിണേന്ത്യൻ ചലച്ചിത്രതാരം സാമന്ത അക്കിനേനി. ഏറെ ആലോചിച്ചും ചർച്ച ചെയ്തുമാണ് ചൈതന്യയും താനും വേർപിരിയാനും സ്വന്തം വഴികളിൽ നടക്കാനും തീരുമാനിച്ചതെന്ന് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച സന്ദേശത്തിൽ സാമന്ത പറഞ്ഞു.
"ഏറെ ആലോചനകൾക്കും ചർച്ചകൾക്കും ശേഷം താനും ചൈതന്യയും വിവാഹബന്ധം വേർപിരിയാൻ തീരുമാനിച്ചിരിക്കുന്നു. ഒരു ദശാബ്ദത്തിലേറെയായി നീണ്ടുനിൽക്കുന്ന സൗഹൃദമാണ് ഞങ്ങളുടേത്. ഇരുവരുടേയും ബന്ധത്തിന്റെ കാതലായത് സൗഹൃദമാണ്. ആ ബന്ധം തുടർന്നും നിലനിൽക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. പ്രയാസകരമായ ഈ ഘട്ടത്തിൽ ഞങ്ങളെ പിന്തുണയ്ക്കാനും ആവശ്യമായ സ്വകാര്യത നൽകാനും ആരാധകരോടും അഭ്യുദയകാംക്ഷികളോടും മാധ്യമങ്ങളോടും ഞങ്ങൾ അഭ്യർഥിക്കുന്നു. നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി"- ഇൻസ്റ്റഗ്രാമിലൂടെ ഷെയർ ചെയ്ത സന്ദേശത്തിൽ താരം പറയുന്നു.
നാഗാർജുന-അമല താരദമ്പതികളുടെ മകനായ യുവനടൻ നാഗചൈതന്യയുമായുളള സാമന്തയുടെ വിവാഹ മോചന വാർത്തകൾ നാളുകളായി സിനിമാ മേഖലയിൽ വലിയ ചർച്ചയാണ്. സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽ സാമന്ത അക്കിനേനി എന്ന പേര് 'എസ് ' എന്നു മാറ്റിയതോടെയാണ് ഗോസിപ്പുകൾക്ക് തുടക്കം കുറിച്ചത്. മുംബൈയിലേക്ക് താമസം മാറ്റുകയാണ് എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ നേരത്തേ താരം തള്ളിയിരുന്നു. ഹൈദരാബാദ് തനിക്ക് സ്വന്തം വീടാണെന്നും എന്നും അങ്ങിനെ ആയിരിക്കുമെന്നുമാണ് സാമന്ത പറഞ്ഞത്.