സർക്കാർ ഓഫീസുകളിലെ ഫയൽ നീക്കം കൂടുതൽ സുതാര്യവും വേഗത്തിലുമാക്കാൻ ഏകീകൃത സംവിധാനം വരുന്നു.

കേരള സ്റ്റേറ്റ് യൂണിഫൈഡ് കമ്യൂണിക്കേഷൻ സർവീസ് എന്ന പ്ലാറ്റ്‌ഫോം സി-ഡിറ്റാണ് വികസിപ്പിക്കുക.

തിരുവനന്തപുരം:

നിലവിലുള്ള വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലുമുള്ള വ്യത്യസ്ത പ്ലാറ്റ്‌ഫോമുകൾക്ക്‌ പകരമായി സർക്കാർ ഓഫീസുകളിലെ ഫയൽ നീക്കത്തിന് ഏകീകൃത സംവിധാനം വരുന്നു. കേരള സ്റ്റേറ്റ് യൂണിഫൈഡ് കമ്യൂണിക്കേഷൻ സർവീസ് എന്ന പ്ലാറ്റ്‌ഫോം സി-ഡിറ്റാണ് വികസിപ്പിക്കുക. സംസ്ഥാന ഐ ടി മിഷൻ നോഡൽ ഏജൻസിയായി പ്രവർത്തിക്കും. സംവിധാനത്തിന്റെ ഉടമസ്ഥാവകാശം സംസ്ഥാന സർക്കാരിന്റെ ഇലക്ട്രോണിക്സ് ആൻഡ് ഐ ടി വകുപ്പിനായിരിക്കും. ആദ്യഘട്ടം സെപ്റ്റംബർ ഒന്നോടെ പൂർത്തിയാകും. ഒന്നാംഘട്ടത്തിൽ എല്ലാ വകുപ്പുകളിലെയും എല്ലാ തലത്തിലുമുള്ള ഓഫീസുകളെ പരസ്പരം ബന്ധിപ്പിക്കും. അടുത്ത വർഷം ജനുവരിയോടെ രണ്ടാംഘട്ടം പൂർത്തിയാക്കും. രണ്ടാം ഘട്ടത്തിൽ പരാതി പരിഹാര സംവിധാനവും ഓൺലൈൻ വിവരാവകാശ പോർട്ടലും ഉൾപ്പെടെയുള്ളവയുണ്ടാകും. ഇതോടെ, സർക്കാർ ഓഫീസുകളിലെ ഫയൽ നീക്കം കൂടുതൽ സുതാര്യവും വേഗത്തിലുമാവും. നിലവിൽ മിക്ക സർക്കാർ ഓഫീസുകൾക്കും ഇത്തരം ഇലക്ട്രോണിക് രീതിയിലുള്ള ഫയൽ നീക്കത്തിന് സംവിധാനമില്ല. സെക്രട്ടേറിയറ്റിൽ ഇ-ഓഫീസ്, തദ്ദേശസ്ഥാപനങ്ങൾക്ക് സൂചിക, പോലീസ്, ജയിൽ, വിജിലൻസ് എന്നിവയ്ക്ക് ഐ ആപ്‌സ്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് ഡി ഡി എഫ് എസ്. എന്നിങ്ങനെയാണ് ഫയൽ നിയന്ത്രണ സംവിധാനമുള്ളത്. ഫയൽ നീക്ക സംവിധാനം തയ്യാറാക്കാൻ ഓപ്പൺ സോഴ്‌സ് പ്ലാറ്റ്‌ഫോമോ ലൈസൻസ് പ്ലാറ്റ്‌ഫോമോ ഉപയോഗിക്കാം. ഇക്കാര്യത്തിൽ പിന്നീട് അന്തിമതീരുമാനമെടുക്കും.

Related Posts