പ്രദീപിന്റെ കുടുംബത്തിന് ഒരാഴ്ചയ്ക്കുള്ളിൽ സർക്കാർ സഹായം

വീട്ടിലെത്തി ഉത്തരവ് കൈമാറി മന്ത്രി കെ രാജൻ

കൂനൂരിലെ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച വ്യോമസേനയിലെ ജൂനിയർ വാറന്റ് ഓഫീസർ എ പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മിക്ക് ജോലി നൽകുന്നതിന്റെയും അച്ഛന് ചികിത്സാ ധനസഹായം നൽകുന്നതിന്റെയും സർക്കാർ ഉത്തരവ് കൈമാറി. പുത്തൂരിലെ വീട്ടിൽ നേരിട്ടെത്തി റവന്യൂമന്ത്രി കെ രാജനാണ് ഉത്തരവുകൾ കൈമാറിയത്. പ്രദീപിന്റെ കുടുംബത്തിന് ഒരാഴ്ച്ചയ്ക്കുള്ളിൽ തന്നെ സർക്കാർ സഹായം നൽകാൻ കഴിഞ്ഞെന്ന് മന്ത്രി പറഞ്ഞു. ജില്ലാ കലക്ടർ ഹരിത വി കുമാറും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

പ്രദീപിന്റെ ഭാര്യയുടെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ചുള്ള ജോലി റവന്യൂ വകുപ്പിൽ ജില്ലയിൽ തന്നെ നൽകുമെന്നും ഇതിനായി ജില്ലാ കലക്ടർ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രദീപിന്റെ അച്ഛന്റെ ചികിത്സാ സഹായത്തിനുള്ള തുക കലക്ടറുടെ പ്രത്യേക ഫണ്ടിലേയ്ക്ക് എത്തിയിട്ടുണ്ട്. അടുത്ത ദിവസം തന്നെ കുടുംബത്തിന്റെ അക്കൗണ്ടിലേയ്ക്ക് എത്തുമെന്നും മന്ത്രി അറിയിച്ചു. പ്രദീപിന്റെ കുടുംബത്തിന്ധ നസഹായമായി 5 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 3 ലക്ഷം രൂപയുമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. ഇതിൽ മൂന്ന് ലക്ഷമാണ് അടിയന്തരമായി കൈമാറുന്നത്.

സാധാരണ നിലയില്‍ യുദ്ധത്തിലോ യുദ്ധസമാനമായ അന്തരീക്ഷത്തിലോ മരണപ്പെടുന്ന സൈനികരുടെ ആശ്രിതര്‍ക്ക് ജോലി നല്‍കുന്നതിനുള്ള നിയമാവലിയാണുള്ളത്. എന്നാല്‍ പ്രദീപിന് പ്രത്യേക പരിഗണന നല്‍കാൻ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. പ്രദീപ് കേരളത്തിന് നല്‍കിയ സേവനങ്ങള്‍ സര്‍ക്കാര്‍ സ്‌നേഹത്തോടെയും അഭിമാനത്തോടെയും ഓര്‍ക്കുകയാണെന്നും മന്ത്രി പറഞ്ഞു.

തൃശൂർ തഹസിൽദാർ ജയശ്രീ, ജില്ലാ പഞ്ചായത്ത് അംഗം കെ വി സജി, പഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ എന്നിവരും മന്ത്രിക്കൊപ്പം പ്രദീപിന്റെ വീട് സന്ദർശിച്ചു.

Related Posts