സഹകരണ മേഖലയെ സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബന്ധമാണ്: മന്ത്രി വി എൻ വാസവൻ
വടക്കാഞ്ചേരി: സഹകരണ മേഖലയെ സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബന്ധമാണെന്ന് സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ. വടക്കാഞ്ചേരി ബ്ലോക്ക് മൾട്ടി പർപ്പസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി അത്താണി ബ്രാഞ്ച് കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഹകരണ മേഖലയിലെ ഓഡിറ്റ് വിഭാഗം ശക്തിപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. മൂന്ന് പേർ ചേർന്ന ടീമായിട്ടായിരിക്കും ഓഡിറ്റ് വിഭാഗം പ്രവർത്തിക്കുക. ന്യൂജെൻ ബാങ്കുകളോട് കിടപിടിക്കുന്ന രീതിയിൽ കേരള ബാങ്ക് ഉയർന്നു വന്നു തുടങ്ങി. എല്ലാ സൗകര്യങ്ങളും കേരളബാങ്കിൽ ഒരുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുൻ രാഷ്ട്രപതി കെ ആർ നാരായണന്റെ പേരിൽ നിർമിച്ച ആദ്യ സഹകരണ സംഘമാണ് അത്താണിയിലേത്. സംഘത്തിന്റെ സ്ഥാപക മെമ്പറായിരുന്ന വി എസ് മോഹൻദാസിന്റെ ഓർമക്കായി നിർമിച്ച സ്മാരക ഹാൾ ഉൾപ്പെടെയുള്ള പുതിയ കെട്ടിടം നാല് നിലകളിലായി 8000 ചതുരശ്ര അടിയിലാണ് നിർമ്മിച്ചിട്ടുള്ളത്.
ഒന്നാം നിലയും രണ്ടാം നിലയും കൊമേഴ്സ്യൽ ആവശ്യങ്ങൾക്കായി നൽകും. സോളാർ, ജനറേറ്റർ എന്നീ എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയതാണ് അത്താണിയിലെ കെ ആർ നാരായണൻ സ്മാരക മന്ദിരം. സംഘത്തിന് ഹെഡ് ഓഫീസിന് പുറമെ തെക്കുംകര, വേലൂർ, അത്താണി എന്നീ സ്ഥലങ്ങളിൽ ബ്രാഞ്ചുകളും വടക്കാഞ്ചേരിയിൽ എക്സ്റ്റൻഷൻ കൗണ്ടറും പ്രവർത്തിക്കുന്നുണ്ട്.
കെട്ടിടത്തിന്റെ സ്മാരക ഹാൾ ഉദ്ഘാടനം എംഎൽഎ എ സി മൊയ്‌തീൻ നിർവഹിച്ചു. ബ്രാഞ്ച് ഓഫീസ് ഉദ്ഘാടനം വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രനും ക്യാഷ് കൗണ്ടർ ഉദ്ഘാടനം കേരള ബാങ്ക് വൈസ് ചെയർമാൻ എം കെ കണ്ണനും സ്ട്രോങ്ങ് റൂമിന്റെയും ലോക്കറിന്റെയും ഉദ്ഘാടനം തൃശൂർ ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ടി കെ ലളിതാംബികയും ലിഫ്റ്റ് ഉദ്ഘാടനം വടക്കാഞ്ചേരി ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ എം ആർ അനൂപ് കിഷോറും നിർവഹിച്ചു.
എം എൽ എ സേവിയർ ചിറ്റിലപ്പിള്ളി അധ്യക്ഷനായിരുന്നു. സഹകരണ സംഘം പ്രസിഡണ്ട് ഇ കെ ദിവാകരൻ സ്വാഗതം പറഞ്ഞു. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.