പി ജി ഡോക്ടര്‍മാരുടെ സമരം അവസാനിക്കുന്നില്ല
സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തതയില്ല; കൊവിഡ് ഡ്യൂട്ടി ഒഴികെയുള്ള സേവനങ്ങള്‍ ബഹിഷ്കരിച്ച് പി ജി ഡോക്ടര്‍മാരുടെ സമരം
തിരുവനന്തപുരം: അത്യാഹിത വിഭാഗത്തിലെ സേവനങ്ങളും കൊവിഡ് ഡ്യൂട്ടി ഒഴികെയുള്ള സേവനങ്ങളും ബഹിഷ്കരിച്ചാണ് പി ജി ഡോക്ടര്‍മാരുടെ സമരം. ജൂനിയർ റസിഡന്റുമാരെ നിയമിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തത വേണമെന്നും ശമ്പള വര്‍ധന ഉള്‍പ്പെടെയുള്ള കാര്യത്തിൽ തീരുമാനം വേണമെന്നും സമരത്തില്‍ പങ്കെടുത്തതിന്‍റെ പേരിൽ ഹോസ്റ്റലിൽ നിന്ന് പുറത്താക്കിയവരെ തിരിച്ചെടുക്കണമെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. ഉന്നയിച്ച ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കുന്നത് വരെ ജോലിയിൽ പ്രവേശിക്കില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. ആരോഗ്യമന്ത്രി ഉടൻ ചർച്ചയ്ക്ക് തയ്യാറാകണമെന്നും പി ജി ഡോക്ടർമാർ ആവശ്യപ്പെട്ടു.
പി ജി അലോട്ട്മെന്റ് സുപ്രീം കോടതിയുടെ പരിഗണനയിലായതിനാൽ സർക്കാരിന് ഇടപെടാനാകില്ലെന്നും ഡോക്‌ടേഴ്‌സിന്റെ ജോലി ഭാരം കുറയ്ക്കാൻ സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചതാണെന്നും മന്ത്രി പറഞ്ഞു. ഡോക്‌ടേഴ്‌സുമായി രണ്ട് തവണ ചർച്ച നടത്തുകയും ജൂനിയർ ഡോക്‌ടേഴ്‌സിനെ നിയമിക്കാൻ ഉത്തരവിടുകയും സ്റ്റൈപ്പന്റ് വർധനവ് ധനകാര്യ വകുപ്പിന്റെ പരിഗണനയിലാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
ഒന്നാം വർഷ പി ജി അലോട്ട്മെന്റ് വൈകുന്നതിൽ പ്രതിഷേധിച്ച് രാജ്യവ്യാപക സമരത്തിലാണ് ഡോക്ടർമാർ. തിരുവനന്തപുരത്തും കോഴിക്കോടും ഡോക്ടര്‍മാര്‍ മെഡിക്കല്‍ കോളജിനു മുന്നില്‍ പ്രതിഷേധിച്ചു.