കൂട്ട അവധി നിയന്ത്രിക്കാൻ സര്‍ക്കാര്‍; റവന്യൂവകുപ്പ് മാര്‍ഗരേഖ പുറത്തിറക്കും

തിരുവനന്തപുരം: സർക്കാർ ഓഫീസുകളിലെ ജീവനക്കാർക്ക് അവധി അനുവദിക്കുന്നതിൽ മാര്‍ഗരേഖ പുറപ്പെടുവിക്കാൻ സർക്കാർ. എത്ര ശതമാനം ജീവനക്കാർക്ക് ഒരു ദിവസത്തെ അവധി നൽകാമെന്നത് സംബന്ധിച്ച് മാര്‍ഗരേഖ പുറപ്പെടുവിക്കാൻ ഒരുങ്ങുകയാണ് റവന്യൂ വകുപ്പ്. കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാർ കൂട്ട അവധിയെടുത്തതിനെ തുടർന്നാണ് റവന്യൂ വകുപ്പിന്‍റെ കടുത്ത നീക്കം. അവധിക്ക് അപേക്ഷിക്കാതെ അവധി എടുക്കുന്നത് നിയന്ത്രിക്കാൻ ലക്ഷ്യമിട്ടാണ് നീക്കം. അവധിയെടുക്കുന്നത് ജീവനക്കാരുടെ അവകാശമാണെന്ന് വാദിക്കുമ്പോഴും ഒരു ദിവസം എത്ര ജീവനക്കാർക്ക് അവധി നൽകാമെന്നതിന് പ്രത്യേക നിയമമില്ല. എല്ലാ ഓഫിസുകളിലും ഓരോ വിഭാഗങ്ങളായി തിരിച്ച് മാര്‍ഗരേഖ കൊണ്ടുവരാനാണ് ആലോചന. കോന്നിയിലെ ജീവനക്കാരുടെ വീഴ്ച സംബന്ധിച്ച റിപ്പോർട്ട് ലഭിച്ച ശേഷം ലാൻഡ് റവന്യൂ കമ്മീഷണറുമായി കൂടിയാലോചിച്ച് റവന്യൂ വകുപ്പ് മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കും. ജനങ്ങളുമായി നേരിട്ട് ബന്ധമില്ലാത്ത ഓഫീസ് വിഭാഗങ്ങൾക്കും മാർഗനിർദേശങ്ങൾ ബാധകമാക്കാനാണ് ആലോചന. ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറി തലത്തിലും മുഖ്യമന്ത്രി തലത്തിലും റവന്യൂ വകുപ്പ് ആശയവിനിമയം നടത്തും. വ്യാഴാഴ്ച ചേരുന്ന റവന്യൂ സെക്രട്ടേറിയറ്റ് വിഷയം ചർച്ച ചെയ്യും. റവന്യൂ വകുപ്പ് മാര്‍ഗരേഖ പുറപ്പെടുവിച്ചാൽ ജനങ്ങളുമായി സമ്പർക്കം പുലർത്തുന്ന മറ്റ് വകുപ്പുകൾ അത് പിന്തുടരാനാണ് ആലോചിക്കുന്നത്.



Related Posts