പ്രധാനമന്ത്രിയുടെ സുഹൃത്ത് അദാനിയാണ് താങ്ങുവില പ്രഖ്യാപിക്കാത്തതിന് കാരണം; മേഘാലയ ഗവർണർ
മേഘാലയ: കർഷകർക്ക് താങ്ങുവില പ്രഖ്യാപിക്കാത്തതിന് കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുഹൃത്തായ അദാനിയെന്ന് മേഘാലയ ഗവർണർ സത്യപാൽ മാലിക്. പൊലീസ് വിലക്ക് വകവയ്ക്കാതെ ഡൽഹിയിൽ മഹാപഞ്ചായത്ത് നടക്കാനിരിക്കെയാണ് ഗവർണറുടെ പ്രതികരണം. കർഷകരുടെ പ്രതിഷേധം ഇത്തവണ കൂടുതൽ ശക്തമാകുമെന്നും ആവശ്യങ്ങൾ നിറവേറ്റുന്നത് വരെ കർഷകർ പ്രതിഷേധം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സത്യപാൽ മാലിക്കിന്‍റെ പരാമർശം കോൺഗ്രസ് ആയുധമാക്കുകയാണ്. മോദിയുടെ ഒരു സുഹൃത്ത് മറ്റൊരു സുഹൃത്തിനെക്കുറിച്ച് സത്യം പറഞ്ഞെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. എം.എസ്.പി അഷ്വറൻസ് നിയമം നടപ്പാക്കുക, രാജ്യത്തെ എല്ലാ കർഷകരെയും കടക്കെണിയിൽ നിന്ന് മുക്തമാക്കുക, ലഖിംപൂരിൽ കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങൾക്ക് നീതി ഉറപ്പാക്കുക, കേന്ദ്രമന്ത്രി അജയ് മിശ്രയെ പുറത്താക്കുക തുടങ്ങി ഒമ്പത് വിഷയങ്ങളിൽ കർഷകർ ഇന്ന് ഡൽഹിയിൽ മഹാപഞ്ചായത്ത് നടത്തുകയാണ്. സംയുക്ത കിസാൻ മോർച്ചയുടെ രാഷ്ട്രീയേതര വിഭാഗമാണ് മഹാപഞ്ചായത്ത് സംഘടിപ്പിക്കുന്നത്. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള 15,000 ത്തിലധികം കർഷകരാണ് ഡൽഹിയിൽ സംഘടിക്കുന്നത്.