ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധം: സീതാറാം യെച്ചൂരി
ന്യൂഡൽഹി: വൈസ് ചാൻസലർമാരുടെ രാജി ആവശ്യപ്പെട്ട ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ നടപടി നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഗവർണറെ തിരിച്ചുവിളിക്കാൻ ആവശ്യപ്പെടുന്നത് പിന്നീട് പരിഗണിക്കും. ഇല്ലാത്ത അധികാരമാണ് ഗവർണർ പ്രയോഗിക്കുന്നതെന്നും ഉന്നതവിദ്യാഭ്യാസ മേഖലയെ പിടിച്ചെടുക്കാനും തകർക്കാനുമുള്ള ശ്രമമാണ് നടക്കുന്നതെന്നും യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു. ഗവർണറുടെ നടപടിയെ നിയമപരമായി വെല്ലുവിളിക്കുമെന്നും ഹിന്ദുത്വ അജണ്ടയാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതി വിധി ഒരു കേസിൽ മാത്രമാണെന്നും യെച്ചൂരി കൂട്ടിച്ചേർത്തു. സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. എം എസ് രാജശ്രീയെ പുറത്താക്കിയ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് വിസിമാരുടെ രാജി ഗവർണർ ആവശ്യപ്പെട്ടത്. ഗവർണറുടെ നടപടി അസ്വാഭാവികമാണെന്നും ചാൻസലർ പദവി ദുരുപയോഗം ചെയ്ത് തനിക്ക് ഇല്ലാത്ത അധികാരം ഉപയോഗിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു. ഒമ്പത് സർവകലാശാലകളുടെയും നിയമനാധികാരിയാണ് ഗവർണർ. നിയമനം നിയമവിരുദ്ധമാണെങ്കിൽ അതിന്‍റെ ഉത്തരവാദിത്തം ഗവർണർക്കാണെന്നും ആദ്യം സ്ഥാനമൊഴിയേണ്ടത് വിസിമാരാണോയെന്ന് ഗവർണർ ചിന്തിക്കണമെന്നും പിണറായി വിജയൻ പറഞ്ഞിരുന്നു.