അട്ടപ്പാടിയിലെ മധുവിന്റെ വീട് സന്ദർശിച്ച് ഗവർണർ
അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മധുവിന്‍റെ കുടുംബത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശിച്ചു. മധുവിന്‍റെ കുടുംബം പരിതാപകരമായ അവസ്ഥയിലാണെന്നും നീതി ലഭ്യമാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. മധുവിന്‍റെ അമ്മയെയും സഹോദരിയെയും ഗവർണർ ചിണ്ടക്കയിലെ വീട്ടിലെത്തിയാണ് കണ്ടത്. കുടുംബം ചില കാര്യങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവ രേഖാമൂലം നൽകാൻ ആവശ്യപ്പെട്ടെന്നും ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചു. ഗവർണറുടെ സന്ദർശനം നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിന് ഊർജ്ജം പകരുന്നുവെന്ന് മധുവിന്‍റെ സഹോദരി സരസു മാദ്ധ്യമങ്ങളോട് പറഞ്ഞു. കേസിലെ സ്പെഷ്യൽ പബ്ലിക്പ്രോസിക്യൂട്ടർ രാജേഷ് എം മേനോന് ശമ്പളം അനുവദിക്കാൻ ഇടപെടണമെന്നും ഗവർണറോട് മധുവിന്റെ കുടുംബം ആവശ്യപ്പെട്ടു.