കെടിയുവിൽ താത്കാലിക വിസിയെ നിയമിച്ച ഗവര്‍ണറുടെ നടപടി; സർക്കാരിൻ്റെ ഹര്‍ജി തള്ളി ഹൈക്കോടതി
കൊച്ചി: സാങ്കേതിക സർവകലാശാലയുടെ താൽക്കാലിക വി.സി നിയമനം ചോദ്യം ചെയ്ത് സർക്കാർ നൽകിയ ഹർജി കേരള ഹൈക്കോടതി തള്ളി. ചാൻസലർ ആയിരിക്കെ ഗവർണർ യുജിസി മാനദണ്ഡങ്ങൾക്ക് വിധേയനാണെന്ന് കോടതി വ്യക്തമാക്കി. വി.സിക്ക് ചട്ടപ്രകാരമുള്ള യോഗ്യത വേണമെന്ന യു.ജി.സിയുടെ വാദങ്ങൾ അംഗീകരിക്കുന്നു. ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്ക് വിസിയാകാനുള്ള യോഗ്യതയില്ല. ഡിജിറ്റൽ സർവകലാശാല വി.സിയെ സാങ്കേതിക സർവകലാശാലയുടെ താൽക്കാലിക വി.സിയാക്കണമെന്ന സർക്കാർ ശുപാർശ ഗവർണർ തള്ളിയതിൽ തെറ്റില്ല എന്നും കോടതി പറഞ്ഞു. ഡയറകടര്‍ ഓഫ് ദി ടെക്നിക്കൽ എഡ്യുക്കേഷനിൽ നിന്ന് 10 വർഷത്തിലധികം യോഗ്യത നേടിയവരുടെ പട്ടിക ഗവർണർ ആവശ്യപ്പെടുകയും സാധ്യമായ എല്ലാ ഓപ്ഷനുകളും തേടുകയും ചെയ്തിരുന്നു. സിസ തോമസ് ഇടക്കാല വി.സിയായി പ്രവർത്തിക്കുന്നില്ലെങ്കിൽ അവരെ തൽസ്ഥാനത്ത് നിന്ന് നീക്കാം. വിദ്യാർത്ഥികളുടെ ഭാവിയാണ് പ്രധാനമെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബെഞ്ച് ആണ് വിധി പറയുക. തങ്ങൾ നൽകിയ പട്ടിക തളളിക്കളഞ്ഞ് ഡോ. സിസ തോമസിനെ ഗവർണർ താൽക്കാലിക വിസിയാക്കിയത് ഭരണഘടനാ വിരുദ്ധമാണെന്നാണ് സർക്കാർ വാദം.