സേനയുടെ ഭാ​ഗമാക്കുന്ന പുതിയ പദ്ധതി; 'അഗ്നിപഥ്' റിക്രൂട്ട്മെ പ്രഖ്യാപിച്ചു കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ഹ്രസ്വ കാലാടിസ്ഥാനത്തിൽ യുവാക്കളെ സേനയുടെ ഭാ​ഗമാക്കുന്ന പുതിയ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. അ​ഗ്നിപാത് എന്ന പേരിൽ വലിയ തോതിൽ യുവാക്കളെ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്ന പദ്ധതിയാണിത്. യുവാക്കൾക്ക് നാല് വർഷത്തേക്ക് ഈ പദ്ധതിയിലൂടെ കര, നാവിക, വ്യോമ സേനയിൽ ഏതെങ്കിലുമൊന്നിന്റെ ഭാ​ഗമാവാം. ഈ വർഷം 46000 യുവാക്കളെ അ​ഗ്നിപാതിലൂടെ റിക്രൂട്ട് ചെയ്യാനാണ് തീരുമാനം. അ​ഗ്നിവീർ എന്നായിരിക്കും ഇവരെ വിശേഷിപ്പിക്കുക.

ഇന്ത്യൻ സൈന്യത്തിലേക്ക് കൂടുതൽ യുവാക്കളെ അണിനിരത്താനും സൈനിക ശക്തി വർധിപ്പിക്കാനും അ​ഗ്നിപാത് സഹായിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ് പറഞ്ഞു. ഐഐടിയിൽ നിന്നും മറ്റ് ടെക് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്നും റിക്രൂട്ട്മെന്റ് നടക്കും. ഇത് സൈന്യത്തിന്റെ സാങ്കേതിക വൈദ​​​ഗ്ധ്യം മെച്ചപ്പെടുത്തുമെന്നാണ് ആർമി ചീഫ് ജനറൽ മനോജ് പാണ്ടെ പറയുന്നത്. 17.5 മുതൽ 21 വയസ്സുവരെയുള്ള യുവാക്കൾക്കാണ് അവസരം. 30,000 മുതൽ 40,000 വരെയായിരുക്കും വേതനം. നാല് വർഷത്തേക്ക് 48 ലക്ഷം രൂപയുടെ ഇൻഷുറൻസും ലഭിക്കും. റിക്രൂട്ട്മെന്റിൽ സാധാരണ സൈനികരെ പോലെ തന്നെ മെഡിക്കൽ, ഫിസിക്കൽ പരിശോധന പാസാവണം. വിദ്യാഭ്യാസ യോ​ഗ്യതയ്ക്കും അതേ മാനദണ്ഡം തന്നെയായിരിക്കും.

നാല് വർഷം അ​ഗ്നിപാതിന്റെ ഭാ​ഗമായി പ്രവർത്തിച്ച ശേഷം ഇവരിൽ 25 ശതമാനം പേരെ സൈന്യത്തിൽ സ്ഥിര സൈനികരായി ഉൾപ്പെടുത്തും. ബാക്കിലുള്ളവർക്ക് മറ്റ് ജോലികൾ ലഭിക്കാനാവശ്യമായ സഹായം സേന നൽകും. നാല് വർഷത്തെ കാലയളവ് പൂർത്തിയാവുമ്പോൾ ഇവർക്ക് സേവാ നിധി പാക്കേജായി ഒരു തുകയും ലഭിക്കും. അതേസമയം പെൻഷൻ ആനുകൂല്യങ്ങൾ ഉണ്ടായിരിക്കില്ല.

Related Posts