കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്ക് തുടരുമെന്ന് സർക്കാർ
ബെംഗളൂരൂ: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്ക് തുടരുമെന്ന് സർക്കാർ. ഹിജാബ് നിരോധിച്ചുകൊണ്ടുള്ള തീരുമാനം ശരിവച്ച ഹൈക്കോടതി വിധി റദ്ദാക്കുകയോ സ്റ്റേ അനുവദിക്കുകയോ ചെയ്യാത്തതിനാൽ സംസ്ഥാനത്ത് നിലവിലുള്ള നിയന്ത്രണങ്ങൾ തുടരും. ഹിജാബ് നിരോധനം വിശാല ബെഞ്ചിന് വിടാനുള്ള തീരുമാനത്തെ കർണാടക സർക്കാർ സ്വാഗതം ചെയ്തു. സുപ്രീം കോടതിയിൽ നിന്ന് മികച്ച ഉത്തരവാണ് പ്രതീക്ഷിക്കുന്നത്. ആധുനിക സമൂഹത്തിന് അനുയോജ്യമായ ഉത്തരവ് വിശാല ബെഞ്ചിൽ നിന്ന് പ്രതീക്ഷിക്കുന്നതായി സർക്കാർ പ്രതികരിച്ചു. ലോകമെമ്പാടുമുള്ള സ്ത്രീകൾ ഹിജാബിൽ നിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെടുന്നു. ഇത് കോടതി കണക്കിലെടുക്കുമെന്നാണ് പ്രതീക്ഷയെന്നും സർക്കാർ പറഞ്ഞു. അതേസമയം, പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ദക്ഷിണ കന്നഡയിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. പ്രശ്നബാധിത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മുന്നിൽ പൊലീസ് നിരീക്ഷണം ശക്തമാക്കും. സോഷ്യൽ മീഡിയകളിലും നിരീക്ഷണം ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. ഹിജാബ് നിരോധനം ശരിവച്ച ഹൈക്കോടതി ഉത്തരവിനെ തുടർന്ന് കർണാടകയിൽ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. ഉത്തരവ് അംഗീകരിക്കാനാവില്ല എന്നറിയിച്ച് 300ലധികം വിദ്യാർത്ഥികൾ കോളേജ് പഠനം പാതിവഴിയിൽ നിർത്തി. ഉഡുപ്പിയിലെ ഒരു കോളേജിൽ നിന്ന് ആരംഭിച്ച പ്രതിഷേധം രാജ്യവ്യാപകമായി പ്രതിഷേധത്തിന് കാരണമായി.