വീട്ടിലെത്തി മാലിന്യങ്ങൾ ശേഖരിക്കുന്നതിന് യൂസർ ഫീ നിർബന്ധമാക്കാൻ സർക്കാർ
തിരുവനന്തപുരം: വീടുകളിലും സ്ഥാപനങ്ങളിലും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ശേഖരിക്കുന്നതിനു യൂസർ ഫീസ് നിർബന്ധമാക്കും. മാലിന്യം ശേഖരിക്കുന്ന ഹരിത കർമ്മസേന പോലുള്ള ഏജൻസികൾക്ക് വേണ്ടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് ഫീസ് നിശ്ചയിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് സേവനങ്ങൾ ലഭിക്കുന്നതിനുള്ള യൂസർ ഫീ കാർഡോ രസീതോ രേഖയാക്കാനാണ് സർക്കാർ തീരുമാനം. രണ്ട് മാസത്തിനകം ഇതു നിയമമാക്കും. 2016 ലെ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ ചട്ടം അനുസരിച്ച് വീടുകളും സ്ഥാപനങ്ങളും ഉപയോക്തൃ ഫീസ് അടയ്ക്കാൻ ബാധ്യസ്ഥരാണ്. ഇതിനു പിന്നാലെയാണ് സംസ്ഥാനത്തും പ്രത്യേക നിയമം കൊണ്ടുവരുന്നത്. ഹരിതകർമസേനയ്ക്ക് ഫീസ് നൽകരുതെന്ന സോഷ്യൽ മീഡിയയിലെ പ്രചാരണം കണക്കിലെടുത്ത് നിയമനിർമാണത്തിനും സർക്കാർ തയ്യാറെടുക്കുകയാണ്. ഫീസ് പിരിച്ചെടുക്കുന്ന പ്രക്രിയ തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികൾക്ക് തുടരാൻ അനുമതി നൽകി കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. ഫീസായി ലഭിക്കുന്ന തുക ഹരിതകർമസേനാംഗങ്ങൾക്ക് കൂലിയായി നൽകുന്നു. വാതില്‍പ്പടി ശേഖരണം ഉറപ്പാക്കാനും സേവനങ്ങള്‍ക്കുള്ള അപേക്ഷയോടൊപ്പം ഹരിതകർമസേന നൽകുന്ന യൂസർ ഫീസ് കാർഡോ രസീതോ ആവശ്യപ്പെടാനും തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികൾക്ക് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.