കണ്ണൂരിൽ സോൺടാ ഇൻഫ്രാടെക്കിന്റെ കരാര്‍ തുടരാന്‍ സര്‍ക്കാര്‍ ശ്രമിച്ചു; തെളിവ് പുറത്ത്
കണ്ണൂർ: കണ്ണൂർ കോർപ്പറേഷനിൽ സോണ്‍ടാ ഇൻഫ്രാടെക്കുമായി കരാർ തുടരാൻ സർക്കാർ ശ്രമിച്ചതിന്‍റെ രേഖകൾ പുറത്തുവന്നു. കരാർ തുടരണമെന്ന് ആവശ്യപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി കോർപ്പറേഷന് കത്ത് നൽകിയിട്ടുണ്ട്. സോണ്‍ടയെ കരാറിൽ നിന്ന് ഒഴിവാക്കണമെന്ന് കോർപ്പറേഷൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് ഡെപ്യൂട്ടി സെക്രട്ടറി കത്തയച്ചത്. കരാർ നഷ്ടമാണെന്നായിരുന്നു കോർപ്പറേഷന്‍റെ എതിർപ്പ്. കരാർ നടപ്പാക്കാൻ സർക്കാർ നിരന്തരം സമ്മർദ്ദം ചെലുത്തുന്നുവെന്ന് കണ്ണൂർ കോർപ്പറേഷൻ മേയർ ടി ഒ മോഹനൻ ആരോപിച്ചിരുന്നു. മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിലെ കരാർ റദ്ദാക്കാനുള്ള തീരുമാനവും അട്ടിമറിക്കപ്പെട്ടുവെന്ന് മേയർ പറഞ്ഞു. ബ്രഹ്മപുരത്തെ ബയോമൈനിംഗിൽ കരാർ കമ്പനിക്ക് ഗുരുതര വീഴ്ചയുണ്ടായെന്നാണ് കണ്ടെത്തൽ. തരംതിരിച്ച ശേഷം കൊണ്ടുപോകേണ്ട പ്ലാസ്റ്റിക് മാലിന്യം കരാർ കമ്പനി നീക്കം ചെയ്തില്ല. ബ്രഹ്മപുരത്ത് ബയോമൈനിംഗ് ശരിയായി നടന്നിട്ടില്ലെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് കണ്ടെത്തിയിരുന്നു. ബയോമൈനിംഗിൽ മുൻ പരിചയമില്ലാതെയാണ് സോൺട ഇൻഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡ് കൊച്ചിയിൽ കരാർ ഏറ്റെടുത്തത്. ബ്രഹ്മപുരത്ത് പ്രവർത്തനം ആരംഭിച്ച ശേഷവും കമ്പനിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് പരാതികൾ ഉയർന്നിരുന്നു. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ജനുവരിയിൽ നടത്തിയ അവസാന പരിശോധനയിലും ബയോമൈനിംഗ് ശരിയായ രീതിയിലല്ലെന്ന് കണ്ടെത്തിയിരുന്നു. കരാറിലൂടെ കമ്പനിക്ക് 11 കോടി രൂപ ലഭിച്ചെങ്കിലും 25 ശതമാനം ബയോമൈനിംഗ് മാത്രമാണ് പൂർത്തിയാക്കിയത്.