ഗംഭീര തിരക്കഥ, അത്യുഗ്രൻ പ്രകടനം; പടയെ അഭിനന്ദിച്ച് തമിഴ് സംവിധായകൻ പാ രഞ്ജിത്ത്
ഏതാനും ദിവസമായി കേരളം മുഴുവൻ ചർച്ച ചെയ്യുന്ന സിനിമയാണ് കെ എം കമൽ സംവിധാനം ചെയ്ത പട. വർഷങ്ങൾക്കു മുമ്പ് ഭൂപ്രശ്നത്തിൽ പാലക്കാട് കളക്ടറെ അയ്യങ്കാളിപ്പട ബന്ദിയാക്കിയ സംഭവത്തെ ആസ്പദമാക്കി നിർമിച്ച ചിത്രം മികച്ച പൊളിറ്റിക്കൽ സിനിമ എന്ന അഭിപ്രായം പൊതുവെ നേടിയിട്ടുണ്ട്.
തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ചിത്രത്തിന് അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത തമിഴ് സംവിധായകൻ പാ രഞ്ജിത്ത്. ചിത്രത്തിൻ്റെ ഏറ്റവും വലിയ പ്രത്യേകത ഗംഭീരമായി തയ്യാറാക്കിയ തിരക്കഥയാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ഒരു യഥാർഥ സംഭവത്തെ ഒട്ടും വെള്ളം ചേർക്കാതെ വെള്ളിത്തിരയിൽ പുന:സൃഷ്ടിക്കാൻ സംവിധായകൻ കെ എം കമലിന് കഴിഞ്ഞിരിക്കുന്നു.
ദളിതുകൾക്കും ആദിവാസികൾക്കും അവകാശപ്പെട്ട ഭൂമി അവർക്ക് ലഭിക്കണമെന്ന് ട്വീറ്റിൽ പറയുന്നു. അഭിനേതാക്കളെല്ലാം കിടിലൻ പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ, വിനായകൻ, ജോജു ജോർജ്, ദിലീഷ് പോത്തൻ, ടി ജി രവി, പ്രകാശ് രാജ്, ഗോപാലൻ, ഇന്ദ്രൻസ്, കനി കുസൃതി, ഉണ്ണിമായ പ്രസാദ് എന്നിവരുടെ പേരെടുത്ത് പറഞ്ഞു കൊണ്ടാണ് ട്വീറ്റ്.
ആട്ടക്കത്തി എന്ന ചിത്രത്തിലൂടെ സിനിമയിൽ എത്തിയ പാ രഞ്ജിത്ത് കബാലി, കാല, സർപട്ട പരമ്പരൈ തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ദേശീയ, അന്തർദേശീയ തലങ്ങളിൽ ചർച്ച ചെയ്യപ്പെട്ട പരിയേറും പെരുമാൾ ഉൾപ്പെടെയുള്ള ചിത്രങ്ങൾ നിർമിച്ചിട്ടുണ്ട്.