സൂപ്പർമാർക്കറ്റിൽനിന്നും വാങ്ങിയ ചീരയ്ക്കൊപ്പം പച്ചത്തവളയും; ട്വിറ്ററിൽ വൈറലായി വീഡിയോ
നാട്ടിൻ പുറത്തെ കടയിൽ പോയി പഴങ്ങളോ പച്ചക്കറികളോ വാങ്ങുമ്പോൾ അവയ്ക്കൊപ്പം ചെറു കീടങ്ങളും പ്രാണികളും ഫ്രീയായി കിട്ടുന്നത് അത്ര പുതുമയുള്ള കാര്യമൊന്നുമല്ല. എന്നാൽ മാളിൽ നിന്നോ സൂപ്പർ മാർക്കറ്റിൽ നിന്നോ പച്ചക്കറി വാങ്ങുന്നവർക്ക് അങ്ങനെയുള്ള അനുഭവങ്ങൾ ഉണ്ടാകാനിടയില്ല. കീടനാശിനികളും മരുന്നുകളും തളിച്ചതു കൂടാതെ പ്രിസർവേറ്റീവ്സിൽ കുളിപ്പിച്ചെടുത്ത് ഷെൽഫ് ലൈഫ് കൂട്ടിയ പഴങ്ങളിലേക്കും പച്ചക്കറികളിലേക്കും മനുഷ്യനൊഴികെ ജീവനിൽ ഭയമുള്ള മറ്റു ജീവജാലങ്ങളൊന്നും അടുക്കാറില്ല.
എന്തായാലും, സൈമൺ കർട്ടിസ് എന്ന ട്വിറ്റർ ഉപയോക്താവിന് ഒരു പെട്ടി ചീര വാങ്ങിയപ്പോൾ ഒപ്പം കിട്ടിയത് വെറും പുഴുവോ പ്രാണിയോ ഒന്നുമല്ല, മറിച്ച് അസ്സൽ ഒരു പച്ചത്തവള! ഹോൾ ഫുഡ്‌സിൽ പോയി ഒരു പെട്ടി ചീര വാങ്ങിയ കർട്ടിസ് കുറച്ച് ദിവസം ഫ്രിഡ്ജിൽ സൂക്ഷിച്ച ശേഷമാണ് അത് പുറത്തെടുത്തത്. വിടർത്തി നോക്കിയ ചീരക്കിടയിൽ അതാ ഒരു തവളക്കുഞ്ഞൻ. കഥയെല്ലാം വിശദീകരിച്ച് കർട്ടിസ് ട്വീറ്റ് ചെയ്ത വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി.
ചീരയ്ക്കൊപ്പം തവളയെ കണ്ട കർട്ടിസ് അതിനെ അറപ്പോടെ തൂക്കി വെളിയിലേക്കെറിയാനോ തല്ലിക്കൊല്ലാനോ അല്ല ശ്രമിച്ചത്. ടോണിക്കുഞ്ഞാ എന്ന് വാത്സല്യത്തോടെ വിളിച്ച് അവനൊരു അടിപൊളി പേര് നൽകി. നമ്മുടെ ബേപ്പൂർ സുൽത്താനെ പോലെ സകല ജീവജാലങ്ങൾക്കും ഈ ഭൂമിയിൽ അവകാശമുണ്ടെന്ന പക്ഷക്കാരനാണ് കർട്ടിസ്. ചീരപ്പെട്ടിക്കൊപ്പം വീട്ടിലേക്ക് വിരുന്നെത്തിയ ടോണി ഇന്ന് കർട്ടിസ് കുടുംബാംഗമായി ആ വീട്ടിൽ കഴിയുകയാണ്.