ജ്യൂസ് ചലഞ്ചും ഷാരോണിനെ കൊല്ലാനെന്ന് ഗ്രീഷ്മ; വീട്ടിൽ തെളിവെടുപ്പ് തുടങ്ങി
തിരുവനന്തപുരം: ഷാരോണിനെ പല തവണ ജ്യൂസ് നൽകി കൊല്ലാൻ ശ്രമിച്ചിരുന്നതായി മുഖ്യപ്രതി ഗ്രീഷ്മ. ജ്യൂസ് ചലഞ്ച് ഷാരോണിനെ കൊല്ലാനായി ആസൂത്രണം ചെയ്തതാണെന്നും ഗ്രീഷ്മ പറഞ്ഞതായാണ് വിവരം. ചോദ്യം ചെയ്യലിലാണ് ഇക്കാര്യങ്ങൾ ഗ്രീഷ്മ വെളിപ്പെടുത്തിയത്. അതേ സമയം, ഗ്രീഷ്‌മയെ തെളിവെടുപ്പിനായി രാമവർമ്മൻചിറയിലെ വീട്ടിലെത്തിച്ചു. രാവിലെ പത്തരയോടെയാണ് പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുവന്നത്. വീടും പരിസരവും കനത്ത പൊലീസ് സുരക്ഷയിലാണ്. തമിഴ്‌നാട് പൊലീസും കേരള പൊലീസും ചേർന്നാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഗ്രീഷ്മയുടെ അമ്മാവനുമായി നടത്തിയ തെളിവെടുപ്പിൽ വിഷക്കുപ്പി കണ്ടെടുത്തിരുന്നു. വീടിന് സമീപമുള്ള പറമ്പിൽ നിന്നാണ് പൊലീസിന് വിഷക്കുപ്പി ലഭിച്ചത്.