മടുപ്പിക്കുന്ന വർത്തമാനങ്ങൾ നിർത്തൂ; ഗ്ലാസ്ഗോയിലെ പ്രതിഷേധമാർച്ചിൽ ഗ്രേറ്റ തൻബർഗ്

മടുപ്പിക്കുന്ന വർത്തമാനങ്ങളും നാട്യങ്ങളും അവസാനിപ്പിച്ച് ഹൃദയം തുറന്ന് ലോകത്തിൻ്റെ അപകടകരമായ അവസ്ഥ തിരിച്ചറിയാൻ ലോകരാജ്യങ്ങളോടും രാഷ്ട്ര നേതാക്കളോടും ആഹ്വാനം ചെയ്ത് സ്വീഡിഷ് കാലാവസ്ഥാ പ്രവർത്തക ഗ്രേറ്റ തൻബർഗ്. ആഗോള താപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും എതിരായ പ്രവർത്തനങ്ങളുടെ മന്ദഗതിയിൽ ഗ്രേറ്റ അസ്വസ്ഥത പ്രകടിപ്പിച്ചു. ഗ്രേറ്റയ്ക്കൊപ്പം നൂറുകണക്കിന് കാലാവസ്ഥാ പ്രവർത്തകർ ഉച്ചകോടി നടക്കുന്നതിന് സമീപമുള്ള ക്ലൈഡ് നദിയുടെ എതിർകരയിൽ മാർച്ച് നടത്തി. നിരവധി രാജ്യങ്ങളിൽ നിന്നുള്ള കാലാവസ്ഥാ പ്രവർത്തകർ മാർച്ചിൽ പങ്കെടുത്തു. കാലാവസ്ഥാ വ്യതിയാനം തടയുന്നതിനുള്ള നടപടികൾ മന്ദഗതിയിലാക്കുന്നതിൽ രോഷം പ്രകടിപ്പിച്ചുള്ള മുദ്രാവാക്യങ്ങൾ മുഴക്കിയായിരുന്നു പ്രകടനം. "ഞങ്ങൾ നിങ്ങളെ നിരീക്ഷിക്കുന്നു" തുടങ്ങി ശ്രദ്ധേയമായ വാക്യങ്ങൾ എഴുതിയ ബാനറുകളും പ്ലക്കാർഡുകളും ഏന്തിയാണ് പ്രവർത്തകർ അണിചേർന്നത്.

ലോക നേതാക്കൾ ഭൂഗോളത്തിൻ്റെ ഭാവിയെ ഗൗരവപൂർവം കാണുന്നതായി നടിക്കുക മാത്രമാണെന്ന് ഗ്രേറ്റ ആരോപിച്ചു. ഉച്ചകോടിയുടെ ഉള്ളിൽനിന്ന് ഒരു മാറ്റവും വരാൻപോകുന്നില്ല. വെറും ബ്ലാ ബ്ലാ ബ്ലാ മാത്രമാണ് അവിടെ നടക്കുന്നത്. ആഗോളതാപനത്തിന്റെ അതിഭീകരമായ പ്രത്യാഘാതങ്ങൾ അനുഭവിക്കുമ്പോഴും അത് കണ്ടില്ലെന്ന് നടിക്കുന്ന ലോകനേതാക്കളോട് ഹൃദയം തുറക്കാൻ ഉച്ചകോടിക്കിടെ കെനിയൻ കാലാവസ്ഥാ പ്രവർത്തക എലിസബത്ത് വത്തൂട്ടി വികാരാധീനമായ അഭ്യർഥന നടത്തിയിരുന്നു. ഗ്ലാസ്‌ഗോവിലെ കോൺഫറൻസ് സെന്ററിൽ താൻ സുഖമായി ഇരിക്കുമ്പോൾ, രണ്ടുദശലക്ഷത്തിലധികം കെനിയക്കാർ കാലാവസ്ഥാ മാറ്റങ്ങൾ മൂലം പട്ടിണി കിടക്കുകയാണെന്ന് അവർ പറഞ്ഞു.

Related Posts