ജി എസ് ടി പരിഷ്‌കരണം; നിത്യോപയോഗ സാധന വില ഇന്ന് മുതൽ ഉയരും; തൂക്കിവില്‍പ്പനയ്ക്ക് ജി എസ് ടി ഇല്ല
തിരുവനന്തപുരം: അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യധാന്യങ്ങളും പയര്‍വര്‍ഗങ്ങളും ചില്ലറായി തൂക്കിവില്‍ക്കുന്നതിന് ജി എസ് ടി ബാധകമല്ലെന്ന് കേന്ദ്രം വ്യക്തമാക്കി. അരിയും പയറും കടലയുമുൾപ്പെടെയുള്ള പലവ്യജ്ഞനങ്ങൾക്കും പാലൊഴികെയുള്ള പാലുൽപന്നങ്ങൾക്കും അഞ്ച് ശതമാനവും , മറ്റ് ചില ഉൽപന്നങ്ങൾക്ക് ആറ് ശതമാനവുമാണ് വർദ്ധന. കൗൺസിലിന്റെ നികുതി പരിഷ്ക്കരണം ഇന്ന് നിലവിൽ വരുന്നതോടെ ,സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില ഉയരും
ഇതുസംബന്ധിച്ച് ജി എസ് ടി വിജ്ഞാപനത്തിലുണ്ടായ ആശയക്കുഴപ്പം നീക്കണമെന്ന് സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഭക്ഷ്യസാധനങ്ങള്‍ പായ്ക്ക് ചെയ്ത് വില്‍ക്കുമ്പോള്‍ അഞ്ചുശതമാനം ജി എസ് ടി ബാധകമാണെന്ന വിജ്ഞാപനത്തിലാണ് ആശയക്കുഴപ്പമുണ്ടായത്. അളവുതൂക്ക നിയമപ്രകാരം 25 കിലോഗ്രാം വരെയുള്ള പാക്കറ്റുകളാണ് പാക്കേജ് ഉത്പന്നങ്ങള്‍ എന്നറിയപ്പെടുന്നത്. ഇവയ്ക്കുമാത്രമായിരിക്കും നികുതി ബാധകമെന്നാണ് ഞായറാഴ്ച രാത്രി സെന്‍ട്രല്‍ എക്‌സൈസ് കമ്മിഷണറേറ്റ് ഇറക്കിയ വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നത്. പാക്കറ്റുകളിലെ ഉത്പന്നങ്ങള്‍ക്ക് ജി എസ് ടി ബാധകമാക്കിക്കൊണ്ട് ഇറക്കിയ ഉത്തരവില്‍ പാക്കറ്റിന്റെ അളവ് വ്യക്തമാക്കിയിരുന്നില്ല. അതോടെ ചാക്കുകളിലാക്കി വ്യാപാരികള്‍ ചില്ലറവില്‍പ്പനയ്ക്കായി കൊണ്ടുവരുന്ന ഉത്പന്നങ്ങള്‍ക്കും നികുതി ബാധകമാകുമെന്ന് ധാരണ പരന്നു. ഇങ്ങനെവന്നാല്‍ ചാക്കില്‍ കൊണ്ടുവരുന്ന ലേബല്‍ ചെയ്ത ഉത്പന്നങ്ങള്‍ക്ക് ബാധകമാകുന്ന നികുതി ഉപഭോക്താക്കളില്‍നിന്ന് ഈടാക്കേണ്ടിവരുമെന്നും അത് വിലക്കയറ്റത്തിന് ഇടയാക്കുമെന്നും വ്യാപാരികള്‍ക്ക് ആശങ്കയുണ്ടായിരുന്നു. തുടര്‍ന്നാണ് ആശങ്ക തീര്‍ക്കാന്‍ സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. സാധാരണക്കാരെ ബാധിക്കുന്ന നികുതിവര്‍ധന പാടില്ലെന്ന് ജി എസ് ടി കൗണ്‍സിലില്‍ കേരളം ശക്തമായ നിലപാടെടുത്തിരുന്നതായും മന്ത്രി ബാലഗോപാല്‍ പറഞ്ഞു.