ഹീറോയിക് ഇഡുൻ കപ്പല്‍ കസ്റ്റഡിയില്‍ എടുത്തതില്‍ അഭിമാനമെന്ന് ഗിനിയ
കോണക്രി: കപ്പൽ കസ്റ്റഡിയിലെടുത്തതിൽ അഭിമാനമുണ്ടെന്ന പ്രതികരണവുമായി ഇക്വറ്റോറിയൽ ഗിനിയ വൈസ് പ്രസിഡന്‍റ് റ്റെഡി ന്‍ഗേമ. അതേസമയം കപ്പലിലെ ജീവനക്കാരെ കസ്റ്റഡിയിലെടുത്തതിന് ഇക്വറ്റോറിയൽ ഗിനിയക്കെതിരെ ഹീറോയിക് ഇഡുൻ പരാതി നൽകിയതായി അന്താരാഷ്ട്ര ട്രിബ്യൂണൽ സ്ഥിരീകരിച്ചു. 15 ദിവസത്തിനകം ട്രിബ്യൂണൽ കേസ് പരിഗണിക്കും. വാദം പൂർത്തിയായി 14 ദിവസത്തിനുള്ളിൽ കേസിൽ വിധി പറയും. കടലിലെ തർക്കങ്ങൾ പരിഹരിക്കാൻ ഹീറോയിക് ഇഡുൻ എന്ന കപ്പലിന്‍റെ കമ്പനി ജർമ്മനിയിലെ അന്താരാഷ്ട്ര ട്രൈബ്യൂണലിനെ സമീപിച്ചിട്ടുണ്ട്. ഇക്വറ്റോറിയൽ ഗിനിയ അനധികൃതമായി ജീവനക്കാരെ തടങ്കലിലാക്കുന്നുവെന്നാരോപിച്ചാണ് പരാതി നൽകിയത്. കപ്പൽ പിടിച്ചെടുക്കാനുള്ള നീക്കത്തിനെതിരെ നൈജീരിയയിലെ ഫെഡറൽ കോടതിയെ കമ്പനി നേരത്തെ സമീപിച്ചിരുന്നു. ഇന്നലെ ഇക്വറ്റോറിയൽ ഗിനിയ യുദ്ധക്കപ്പലിൽ മലയാളികളടക്കം പതിനഞ്ച് ഇന്ത്യക്കാരെ അഞ്ച് മണിക്കൂറോളം പാർപ്പിച്ചിരുന്നു. ഇത് നൈജീരിയയ്ക്ക് കൈമാറാനുള്ള നീക്കമായിരുന്നുവെങ്കിലും സാങ്കേതിക തകരാർ ചൂണ്ടിക്കാട്ടി ജീവനക്കാരെ തിരികെ കരയിലെത്തിക്കുകയായിരുന്നു.