ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ്; ആദ്യഘട്ട വിധി എഴുതി ഗുജറാത്ത്
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വോട്ടെടുപ്പ് തികച്ചും സമാധാനപരമായിരുന്നുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 60.2 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ഔദ്യോഗിക കണക്കുകൾ എത്തിയിട്ടില്ല. സൗരാഷ്ട്ര-കച്ച് മേഖലകളിലെയും തെക്കന്‍ഭാഗത്തെയും 19 ജില്ലകളിലെ 89 മണ്ഡലങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ വിധിയെതിയത്. 788 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. രാവിലെ 8 മുതൽ വൈകിട്ട് 5 വരെ നടന്ന വോട്ടെടുപ്പിനായി 14,382 പോളിംഗ് സ്റ്റേഷനുകൾ സജ്ജീകരിച്ചിരുന്നു. വോട്ടെടുപ്പ് നടന്ന 89 മണ്ഡലങ്ങളിൽ 48 എണ്ണവും 2017 ലെ തിരഞ്ഞെടുപ്പിൽ ബിജെപി നേടി. 40 സീറ്റുകളില്‍ കോണ്‍ഗ്രസും ഒരിടത്ത് സ്വതന്ത്രനും ജയിച്ചിരുന്നു. കോൺഗ്രസും ബിജെപിയും 89 സീറ്റുകളിലാണ് മത്സരിച്ചത്. ആം ആദ്മി പാർട്ടിയുടെ സാന്നിധ്യം ഇത്തവണ ഇരുപാർട്ടികൾക്കും വെല്ലുവിളിയാണ് ഉയർത്തുന്നത്. സൂറത്ത് ഈസ്റ്റിലെ സ്ഥാനാര്‍ഥി അവസാനനിമിഷം പിന്‍വാങ്ങി ബി.ജെ.പിയില്‍ ചേക്കേറിയതിനാല്‍ എ.എ.പിക്ക് 88 സ്ഥാനാര്‍ഥികളേ ഉള്ളൂ.