ഗുജറാത്ത് മോഡൽ ഡാഷ് ബോർഡ് സിസ്റ്റം കേരളത്തിലേക്ക്; ക്ലിഫ് ഹൗസ് കേന്ദ്രീകരിച്ച് പ്രവർത്തനം

തിരുവനന്തപുരം: ഗുജറാത്ത് മോഡൽ ഡാഷ് ബോർഡ് സിസ്റ്റം കേരളത്തിലേക്കും എത്തുന്നു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ഡാഷ് ബോർഡ് സജ്ജീകരിക്കും. ഗുജറാത്ത് സന്ദർശിച്ച ചീഫ് സെക്രട്ടറി വി പി ജോയിയുടെ നേതൃത്വത്തിലുള്ള സംഘം ഡാഷ് ബോർഡ് സംവിധാനത്തെ ഏറെ പ്രശംസിച്ചിരുന്നു. ഈ സംവിധാനം ഏറെ മികച്ചതും അത്ഭുതകരവുമാണെന്നാണ് ചീഫ് സെക്രട്ടറി പറഞ്ഞത്.
ഡാഷ് ബോർഡ് സംവിധാനത്തിന്റെ നല്ലവശങ്ങൾ എല്ലാം ഉൾപ്പെടുത്തി നടപ്പിലാക്കാനാണ് പ്രാഥമികമായി ആലോചിക്കുന്നത്. മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ഇത് സംബന്ധിച്ചുള്ള കൂടിയാലോചനകൾ നടത്തിക്കഴിഞ്ഞു എന്നാണ് വിവരം. ഇ ഗവേണൻസിന് വേണ്ടിയാണ് സിഎം ഡാഷ്‌ബോർഡ് സംവിധാനം ഗുജറാത്തിൽ നടപ്പിലാക്കിയത്.
ഒറ്റ വിരൽ തുമ്പിൽ ഫയൽ നീക്കത്തിന്റെ എല്ലാ സംവിധാനങ്ങളും മുഖ്യമന്ത്രിക്ക് അറിയാൻ സഹായിക്കുന്ന വലിയ സംവിധാനമാണ് ഇത്. വിവിധ വകുപ്പുകളുടെ പ്രവർത്തനവും ഫയൽ നീക്കവുമെല്ലാം ഇതിലൂടെ കൃത്യമായി നിരീക്ഷിക്കാൻ സാധിക്കും. ഉദ്യോഗസ്ഥരുടെ പ്രവർത്തനം വിലയിരുത്താനും ഇതുവഴി സാധിക്കും. ഇതെല്ലാം ഒറ്റക്കുടക്കീഴിനുള്ളിൽ കൊണ്ടു വരുന്ന സംവിധാനമാണ് നിലവിൽ വരിക.