ഭക്ഷ്യ സുരക്ഷയിൽ ഒന്നാം സ്ഥാനം ഗുജറാത്തിന്, കേരളം രണ്ടാമത്
ഭക്ഷ്യ സുരക്ഷാ സൂചിക (ഫുഡ് സേഫ്റ്റി ഇൻഡക്സ്) പുറത്തുവിട്ടു. വലിയ സംസ്ഥാനങ്ങളിൽ 72 പോയിൻ്റുമായി ഗുജറാത്ത് ആണ് ഒന്നാം സ്ഥാനത്ത്. 70 പോയിൻ്റ് നേടി രണ്ടാം സ്ഥാനത്തുള്ള കേരളം ഗുജറാത്തിന് തൊട്ടു പിന്നിലുണ്ട്. മൂന്നാം സ്ഥാനത്തുള്ള തമിഴ്നാടിന് 64 പോയിൻ്റാണ് ഉള്ളത്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഫുഡ് സേഫ്റ്റി ആൻ്റ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റിയാണ് സൂചിക തയ്യാറാക്കുന്നത്. മനുഷ്യ വിഭവശേഷി, ഭക്ഷ്യ സുരക്ഷാ നിയമങ്ങൾ നടപ്പിലാക്കുന്നതിലെ കാര്യക്ഷമത, പരിശോധനകൾ, നിരീക്ഷണം, ഉപഭോക്തൃ ശാക്തീകരണം തുടങ്ങി നിരവധി മാനദണ്ഡങ്ങൾ കണക്കിലെടുത്താണ് റാങ്ക് നിശ്ചയിക്കുന്നത്. വലിയ സംസ്ഥാനങ്ങൾ, ചെറിയ സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി തിരിച്ചാണ് സൂചിക തയ്യാറാക്കുന്നത്.
ചെറിയ സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനത്ത് ഗോവയാണ്. മേഘാലയ രണ്ടാം സ്ഥാനത്തും മണിപ്പൂർ മൂന്നാം സ്ഥാനത്തുമാണ്.