ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവെച്ചു
അപ്രതീക്ഷിത നീക്കത്തിൽഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവെച്ചു. മുഖ്യമന്ത്രിക്ക് പുറമേ മന്ത്രിസഭാംഗങ്ങളും രാജിക്കത്ത് സമർപ്പിച്ചതോടെ ഗുജറാത്ത് രാഷ്ട്രീയം രാജ്യത്തിൻ്റെ ശ്രദ്ധാകേന്ദ്രമായി. അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിൽ രൂപാണിയുടെ രാജിക്ക് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്. വിജയ് രൂപാണിക്ക് ഒരു പകരക്കാരനെ കണ്ടെത്തുകയും അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ പുതിയ മന്ത്രിസഭ രൂപീകരിക്കുകയുമാണ് ബി ജെ പിക്ക് മുന്നിലുള്ള ഒരു വഴി. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുകയാണ് മറ്റൊരു മാർഗം. നിർദിഷ്ട സമയത്തിനു മുന്നേ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുക എന്ന മൂന്നാമതൊരു വഴിയുമുണ്ട്.
വിജയ് രൂപാണിയുടെ രാജിക്ക് പിന്നിലുള്ള കാരണങ്ങൾ വ്യക്തമല്ല. ഗുജറാത്തിൻ്റെ വിശാലമായ താത്പര്യങ്ങൾ പരിഗണിച്ചാണ് രാജി എന്നാണ് അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞത്. തിരഞ്ഞെടുപ്പ് നേരത്തേ നടത്താൻ ഇടയില്ലെന്നും രൂപാണിക്ക് പകരക്കാരനെ കണ്ടെത്തുകയാവും ചെയ്യുകയെന്നും രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. അതിലൂടെ പ്രതിച്ഛായ മെച്ചപ്പെടുത്തി നിയമസഭാ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുക എന്ന തന്ത്രമാവും ബി ജെ പി പയറ്റുക എന്നും പറയപ്പെടുന്നു.