മുത്താണ് ഈ മുത്തശ്ശി; കടബാധ്യതയിലായ ചെറുമകന് പുതുജീവിതമേകി 'ഗുജ്ജു ബെൻ നാ നാസ്ത'
പ്രായമേറിയ മുത്തശ്ശനെയും, മുത്തശ്ശിയെയും സംരക്ഷിക്കുന്ന പേരക്കുട്ടികളുടെ വിശേഷങ്ങൾ നാം കേൾക്കാറുണ്ട്. എന്നാൽ ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ട ചെറുമകന് തണലായ ഊർമിള ആഷർ എന്ന 77 കാരിയായ മുത്തശ്ശിയുടെ കഥയാണിത്. മധുരപലഹാരങ്ങൾ വിറ്റ് ചെറുമകന് പുതിയ ജീവിതം തന്നെ നൽകാൻ അവർക്ക് സാധിച്ചു. രണ്ടര വയസ്സുള്ളപ്പോൾ പ്രിയ മകളെ നഷ്ടപ്പെട്ട മുത്തശ്ശിയുടെ രണ്ട് ആൺമക്കളും രോഗബാധിതരായി മരിച്ചു. 2019 ൽ അപകടത്തിൽപ്പെട്ട് ചുണ്ടിന്റെ ഒരു ഭാഗം നഷ്ടമായതോടെ പരിഹാസങ്ങൾ ഭയന്ന് ചെറുമകൻ ഹർഷിൻ വീടിനുള്ളിൽ തന്നെ ചിലവഴിക്കാൻ തീരുമാനിച്ചത് കുടുംബത്തെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടത്. എന്നാൽ ഊർമിള മുത്തശ്ശി കുടുംബത്തിന്റെ കടബാധ്യതകളെല്ലാം ഏറ്റെടുത്തുകൊണ്ട് 'ഗുജ്ജു ബെൻ നാ നാസ്ത' എന്ന പേരിൽ ഗുജറാത്തി മധുരപലഹാരങ്ങൾ വിൽക്കാൻ തുടങ്ങി. തുടക്കത്തിൽ അയൽവാസികൾക്ക് മാത്രമാണ് വിറ്റിരുന്നതെങ്കിലും ഊർമിള മുത്തശ്ശിയുടെ കൈപ്പുണ്യം തേടി ദൂരദേശങ്ങളിൽ നിന്നും ആളുകൾ എത്തി. 2020 ൽ ആരംഭിച്ച ഈ സംരംഭം വളരെ പെട്ടെന്നാണ് ജനങ്ങളുടെ നാവും, മനസ്സും കീഴടക്കിയത്. ഒരു മാസം 3 ലക്ഷം രൂപവരെ വരുമാനം ലഭിക്കുന്നു. ജീവിതത്തിലേക്ക് മധുരം പകർന്ന് ചെറുമകനെ സംരക്ഷിക്കാൻ സാധിച്ചതിന്റെ സംതൃപ്തിയിലാണ് ഇന്ന് അവർ.