ഗൾഫ് – ഇന്ത്യ എക്സ്പ്രസ് സർക്കുലർ കപ്പൽ സർവീസിന് തുടക്കമായി

ദോഹ: ഹമദ് തുറമുഖത്തെ ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന ഗൾഫ്-ഇന്ത്യ എക്സ്പ്രസ് (ജിഐഎക്സ്-2) സർക്കുലർ ഷിപ്പിംഗ് സർവീസ് ആരംഭിച്ചു. ഹമദ് തുറമുഖത്തെ പുതിയ കപ്പൽ സർവീസിന്‍റെ നടത്തിപ്പ് ചുമതല അലാദിൻ എക്സ്പ്രസിനായിരിക്കുമെന്ന് ക്യു ടെർമിനൽസ് അറിയിച്ചു. ഖത്തറിനെ ഇന്ത്യ, ബഹ്റൈൻ, യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്നതാണ് പുതിയ സർക്കുലർ ഷിപ്പ് സർവീസ്. ഗുജറാത്തിലെ മുന്ദ്ര അദാനി ടെർമിനലിൽ നിന്ന് ആരംഭിച്ച് സൗദി അറേബ്യയിലെ കിങ് അബ്ദുൽ അസീസിലേയ്ക്ക് പോകുന്ന കപ്പൽ അവിടെ നിന്ന് ബഹ്റൈനിലെ ഖലീഫ ബിൻ സൽമാൻ, ഖത്തറിലെ ഹമദ്, യുഎഇയിലെ ജബൽ അലി എന്നീ തുറമുഖങ്ങൾ വഴി വീണ്ടും മുന്ദ്ര തുറമുഖത്ത് എത്തും. ഖത്തറും ഇന്ത്യയുൾപ്പെടെയുള്ള നാല് രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്താൻ പുതിയ കപ്പൽ സർവീസ് സഹായിക്കും. ഈ വർഷം ഇത് രണ്ടാം തവണയാണ് ഇന്ത്യയുമായി ബന്ധിപ്പിച്ചുള്ള ഷിപ്പിംഗ് സർവീസുകൾ ആരംഭിക്കുന്നത്. ഈ വർഷം ഏപ്രിലിലാണ് ഗൾഫ്-ഇന്ത്യ എക്സ്പ്രസ് ആരംഭിച്ചത്. ആദ്യ സർവീസായ ഗൾഫ്-ഇന്ത്യ എക്സ്പ്രസ് (ജിഐഎക്സ്) മുന്ദ്രയിൽ നിന്ന് സൊഹാർ, ജബൽ അലി, അജ്മാൻ, റാസ് അൽ ഖൈമ തുറമുഖങ്ങളിലേക്കാണ് ബന്ധിപ്പിച്ചിരിക്കുന്നത്.

Related Posts