ചിരിപ്പിച്ച് കൊല്ലാൻ ഗുണ്ട ജയൻ; ട്രെയ്ലർ ഇന്നിറങ്ങും
മയൂഖം എന്ന ഹരിഹരൻ ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച സൈജു കുറുപ്പിൻ്റെ നൂറാമത് സിനിമയാണ് ഉപചാരപൂർവം ഗുണ്ട ജയൻ. സൈജു കുറുപ്പിനൊപ്പം സിജു വിൽസണും ശബരീഷ് വർമയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൻ്റെ ട്രെയ്ലർ ഇന്ന് പുറത്തിറങ്ങും. കണ്ടോളൂ, ചിരിച്ചോളൂ, പക്ഷേ പഴേ ഗുണ്ടകളെ കളിയാക്കരുതേ എന്ന രസകരമായ ടാഗ് ലൈനോടെയാണ് ചിത്രത്തിൻ്റെ പോസ്റ്ററുകൾ ഇറങ്ങിയിരിക്കുന്നത്.
വേഫെയറർ ഫിലിംസിൻ്റെ ബാനറിൽ ദുൽഖർ സൽമാനും ഡ്രീംസ് എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ സെബാബ് ആനിക്കാടും ചേർന്ന് നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അരുൺ വൈഗയാണ്. രാജേഷ് വർമയാണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
ജാഫർ ഇടുക്കി, ഹരീഷ് കണാരൻ, ഗോകുലൻ, സാബു മോൻ, ജോണി ആൻ്റണി, വിജിലേഷ്, ബൈജു എഴുപുന്ന, ബിജു സോപാനം, വൃന്ദ മേനോൻ, നയന, പാർവതി, സാഗർ സൂര്യ, ഷാനി ഷാക്കി, ഷൈലജ പി അമ്പു എന്നിവരും ചിത്രത്തിലുണ്ട്.
ഗാനരചന ഹരി നാരായണൻ. സംഗീതം ബിജി ബാൽ. ഛായാഗ്രഹണം എൽദോ ഐസക്. എഡിറ്റിങ്ങ് കിരൺ ദാസ്. ഫെബ്രുവരി 25-ന് ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യും.