ഗുരുവായൂർ ദേവസ്വം ആനകൾക്ക് സുഖചികിത്സ ജൂലായ് ഒന്നു മുതൽ
ഗുരുവായൂർ ദേവസ്വം ആനകൾക്കായി വർഷം തോറും നടത്തി വരുന്ന സുഖചികിൽസ ജൂലൈ ഒന്നിന് തുടങ്ങും. പുന്നത്തൂർ ആനത്താവളത്തിൽ ജൂലൈ 30 വരെയാണ് സുഖചികിത്സ. ആനകളുടെ ആരോഗ്യ സംരക്ഷണത്തിനായി ഗുരുവായൂർ ദേവസ്വം വർഷങ്ങൾക്ക് മുൻപ് തുടങ്ങിയതാണ് പ്രത്യേക സുഖചികിത്സ. ആയുർവേദ, അലോപ്പതി മരുന്നുകൾ ഉൾപ്പെടുത്തിയുള്ള ആഹാരക്രമമാണിത്. ആരോഗ്യ സംരക്ഷണവും ഒപ്പം ആനകളുടെ ശരീരപുഷ്ടിക്കും ഉപകരിക്കും വിധമുള്ള സമീകൃത ആഹാരമാണ് നൽകുക.
ആന ചികിത്സ വിദഗ്ധരായ ഡോ.കെ.സി. പണിക്കർ, ഡോ. പി.ബി.ഗിരിദാസ്, ഡോ എം.എൻ.ദേവൻ നമ്പൂതിരി ,ഡോ ടി.എസ്.രാജീവ്, ഡോ വിവേക്, ദേവസ്വം വെറ്ററിനറി സർജൻ ഡോ ചാരുജിത്ത് നാരായണൻ എന്നിവരുടെ മേൽനോട്ടത്തിലാണ് സുഖചികിത്സ. ചികിത്സക്കായി 14 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചിട്ടുണ്ട്.
ഗജ പരിപാലനത്തിലെ മാതൃകയായി അംഗീകരിക്കപ്പെട്ട ഗുരുവായൂർ ദേവസ്വം ആന സുഖചികിത്സാ പരിപാടിയുടെ ഉദ്ഘാടനം ജൂലായ് 1ന് ഉച്ചതിരിഞ്ഞ് മൂന്നു മണിക്ക് പുന്നത്തൂർ ആനക്കോട്ടയിൽ ദേവസ്വം ചെയർമാൻ ഡോ വി.കെ.വിജയൻ നിർവ്വഹിക്കും. എൻ.കെ.അക്ബർ എം എൽ എ, നഗരസഭാ ചെയർമാൻ എം.കൃഷ്ണദാസ് എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. ദേവസ്വം ഭരണസമിതി അംഗങ്ങൾ, ജീവധനം വിദഗ്ധ സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.