ആശ്വാസത്തിന്റെ 252 ദിനങ്ങള്‍: ജനഹൃദയം കീഴടക്കി ഗുരുവായൂര്‍ നഗരസഭയുടെ 'അരികെ'
വീടുകളില്‍ ഒറ്റപ്പെട്ടു കഴിയുന്ന വയോജനങ്ങള്‍ക്ക് ആശ്വാസത്തിന്റെ 252 ദിനങ്ങള്‍ സമ്മാനിച്ച് ഗുരുവായൂര്‍ നഗരസഭയുടെ 'അരികെ' പദ്ധതി. കൊവിഡ് പ്രതിസന്ധി മൂലം വീടുകളില്‍ ഒറ്റപ്പെട്ടു കഴിയുന്ന വയോജനങ്ങളുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നഗരസഭ ആരംഭിച്ച മാനസികോല്ലാസ ആസ്വാദന വെബ്ബിനാറാണ് അരികെ.
സൗഹൃദക്കൂട്ടായ്മകളിലൊ പൊതുപ്രവര്‍ത്തനങ്ങളിലൊ പങ്കാളികളാവാന്‍ കഴിയാതെ ഒറ്റപ്പെടല്‍ അനുഭവിക്കുന്ന വയോജനങ്ങളായ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി നഗരസഭ ഹെല്‍പ്പ് ഡെസ്‌കിലൂടെയാണ് വെബ്ബിനാറിന് തുടക്കം കുറിക്കുന്നത്. 2021 മെയ് 5 മുതല്‍ എല്ലാ ദിവസവും രാത്രി 7 ന് നടക്കുന്ന വെബ്ബിനാറാണ് 252 ദിവസങ്ങള്‍ പിന്നിടുന്നത്. കലാ സാംസ്‌കാരിക രംഗത്തുനിന്നുള്ള പ്രമുഖരാണ് വിവിധ സെഷനുകള്‍ നയിക്കുന്നു. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഒരു നഗരസഭ ഇത്തരത്തില്‍ പരിപാടി സംഘടിപ്പിച്ചു വിജയകരമാക്കുന്നത്. സമൂഹത്തിലെ നാനാ ഭാഗങ്ങളില്‍ നിന്നുള്ള കലാ ആസ്വാദകരായ നൂറോളം പേര്‍ വെബിനാറില്‍ ദിവസവും പങ്കെടുക്കുന്നു. ഇതില്‍ മുപ്പതോളംപേര്‍ അരികെയിലെ സ്ഥിരം സാന്നിധ്യമാണ്. വാര്‍ധക്യസഹജമായ രോഗങ്ങള്‍ മൂലവും വീടിനുള്ളില്‍ ഒതുങ്ങി കഴിയേണ്ടിവന്ന വയോജനങ്ങള്‍ കയ്യും മെയ്യും മറന്ന് കലാപ്രകടനങ്ങള്‍ പങ്കുവയ്ക്കുന്നത് കാണേണ്ട കാഴ്ചയാണ്. അംഗങ്ങള്‍ക്ക് പരസ്പരം കുശലാന്വേഷണവും സ്‌നേഹ പ്രകടനവും നടത്താന്‍ ഇതുവഴി സാധിക്കുന്നു. https://meet.google.com/eza-nayp-qwb എന്ന ലിങ്ക് വഴിയാണ് പരിപാടിയില്‍ പങ്കെടുക്കേണ്ടത്.
തദ്ദേശസ്വയംഭരണ- എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ മുഖ്യാതിഥ്യം വഹിച്ച അരികെയുടെ നൂറാം ദിനാഘോഷത്തില്‍ സിനിമാ-സാംസ്‌കാരിക-കലാ മേഖലയില്‍ നിന്നുള്ള വിവിധ വ്യക്തികള്‍ പങ്കെടുത്തു. കൂടാതെ വയലിന്‍, തബല, ഓടക്കുഴല്‍, മിമിക്രി, നൃത്തം, സംഗീതം എന്നിങ്ങനെ എല്ലാ മേഖലകളിലും കഴിവ് തെളിയിച്ച കലാകാരന്മാര്‍ അരികെയിലൂടെ വയോജനങ്ങള്‍ക്ക് മുന്നിലെത്തുന്നു. 252 ാം ദിവസമായ ഫെബ്രുവരി നാല് ലോക കാന്‍സര്‍ ദിനമായതിനാല്‍ ക്യാന്‍സര്‍ രോഗസ്‌പെഷലിസ്റ്റ് ഡോക്ടര്‍ വി പി ഗംഗാധരനാണ് മുഖ്യാതിഥിയായി പങ്കെടുത്തത്.
'കൊവിഡ് മൂലമുണ്ടായ ലോക്ക് ഡൗണാണ് ഇത്തരമൊരു ആശയത്തിന് നഗരസഭയ്ക്ക് പ്രചോദനമായത്. ഒരു മാസം നീണ്ടുനില്‍ക്കുന്ന വെബ്ബിനാര്‍ എന്ന രീതിയില്‍ ആരംഭിച്ച വെബ്ബിനാറാണ് ഇപ്പോള്‍ ഇത്രയും ദിവസങ്ങള്‍ പിന്നിടുന്നത്. ഓരോ ദിവസവും ആസ്വാദകര്‍ നല്‍കിയ പ്രതികരണമാണ് പദ്ധതിയുടെ കാലാവധി നീട്ടാന്‍ കാരണമെന്ന് ഗുരുവായൂര്‍ നഗരസഭാ ചെയര്‍മാന്‍ എം കൃഷ്ണദാസ് പറഞ്ഞു.
വിശിഷ്ടാതിഥികള്‍ ഇല്ലാത്ത ദിവസങ്ങളില്‍ വെബിനാറില്‍ പങ്കെടുക്കുന്നവരുടെ കലാപരമായ പ്രകടനങ്ങളും അരികെയെ ജനകീയമാക്കുന്നു. പഴയകാല ഓര്‍മകള്‍ പങ്കുവെക്കാന്‍ അവസരം ലഭിച്ച സന്തോഷത്തിലാണ് ഓരോ വയോജനങ്ങളും.