എച്ച്3എൻ2 വൈറസ്; സ്വയംചികിത്സ അപകടകരമെന്ന് വിദഗ്ധർ
ബെംഗളൂരു: എച്ച് 3 എൻ 2 വൈറസ് മൂലമുള്ള പനി ബാധിച്ച് കർണാടകയിലും ഹരിയാനയിലും ഓരോ മരണം വീതം സംഭവിച്ച സാഹചര്യത്തിൽ, സ്വയം ചികിത്സ അപകടമെന്ന് ഡോക്ടർമാർ. ഇൻഫ്ലുവൻസ എ സബ്ടൈപ്പ് വൈറസ് പുതിയതല്ലെന്നും ഇത് ബാധിച്ചവരിൽ നീണ്ടുനിൽക്കുന്ന ചുമയുണ്ടാകുമെന്നും വിദഗ്ധർ പറയുന്നു. സ്വയം ചികിത്സ അപകടകരമാണ്. എച്ച് 3 എൻ 2 വിനെതിരെ ശുചിത്വം പാലിക്കുക, ആൾക്കൂട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക, കൈ കഴുകുക, മാസ്ക് ധരിക്കുക തുടങ്ങിയ പ്രതിരോധ നടപടികൾ പാലിക്കണം. രോഗത്തെക്കുറിച്ച് ആശങ്കപ്പെടേണ്ട. എച്ച് 3 എൻ 2 കോവിഡ് -19 പോലെ പകർച്ചവ്യാധി ഉണ്ടാക്കുന്ന വൈറസല്ല. ചുമ, തൊണ്ടവേദന, ജലദോഷം, പനി എന്നിവയാണ് ലക്ഷണങ്ങൾ. അതിനാൽ രോഗമുണ്ടെന്ന് സംശയിക്കുന്നവർ മെഡിക്കൽ ഷോപ്പുകളിൽ നിന്ന് മരുന്ന് വാങ്ങുന്നതിന് പകരം ഡോക്ടറെ കണ്ട് ചികിത്സ തേടണം. കുട്ടികൾ, പ്രായമായവർ, രോഗം പിടിപെടാൻ തക്ക ആരോഗ്യസ്ഥിതിയിലുള്ളവർ എന്നിവരുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണമെന്നും ഡോക്ടർമാർ പറയുന്നു.