ഹക്കീം ഫൈസി ആദൃശ്ശേരി സിഐസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചു
മലപ്പുറം: ഹക്കീം ഫൈസി അദൃശ്ശേരി കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസ് ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു. ചൊവ്വാഴ്ച രാത്രി പാണക്കാട് എത്തി മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് സാദിഖലി ശിഹാബ് തങ്ങളുമായി അദ്ദേഹം ചർച്ച നടത്തിയിരുന്നു. പിന്നാലെയാണ് രാജി. ഹക്കീം ഫൈസി രാജിവയ്ക്കുമെന്ന് ചർച്ചകൾക്ക് ശേഷം സാദിഖലി തങ്ങളും വ്യക്തമാക്കിയിരുന്നു. ഫൈസിയുമായി വേദി പങ്കിടരുതെന്ന് സമസ്തയുടെ പോഷക സംഘടനകളായ എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാനഭാരവാഹികളുടെ യോഗം നിശ്ചയിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസം എസ് വൈ എസ് സംസ്ഥാന പ്രസിഡന്‍റ് സാദിഖലി തങ്ങൾ ഹക്കീമിനൊപ്പം വാഫി കോളേജിന്‍റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇത് സമസ്തയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു. ഇതെ തുടർന്ന് സാദിഖലിയും കടുത്ത സമ്മർദ്ദത്തിലായി. പിന്നാലെയാണ് ഹക്കീം ഫൈസിയെ പാണക്കാട്ടേക്ക് വിളിച്ചുവരുത്തിയതും രാജി തീരുമാനത്തിലെത്തിയതും.