'ഫോൺ പേ' വഴി അരലക്ഷം അടിച്ചുമാറ്റി, രണ്ടുപേർ അറസ്റ്റിൽ
ഫോൺ പേ ഉപയോക്താവിൻ്റെ അക്കൗണ്ടിൽനിന്ന് അരലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി. ഡൽഹിയിലാണ് സംഭവം. നവംബർ 3-നാണ് സന്ദീപ് ശർമ എന്നയാളിൻ്റെ ഫോൺ നഷ്ടപ്പെടുന്നത്. അന്നുതന്നെ പൊലീസിൽ പരാതി നൽകി.
നവംബർ 5-ാം തീയതി പുതിയ ഫോൺ വാങ്ങി സിം കാർഡ് ആക്റ്റിവേറ്റ് ചെയ്തപ്പോഴാണ് തൻ്റെ ഫോൺ പേ വാലറ്റ് ആക്റ്റീവ് ആണെന്നും അതിലൂടെ 52,860 രൂപ നഷ്ടമായെന്നും അറിയുന്നത്. ബുരാരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്നുള്ള അന്വേഷണത്തിൽ, നഷ്ടമായ തുക ആരുടെ അക്കൗണ്ടിലേക്കാണ് പോയതെന്ന് കണ്ടെത്തി.
സഞ്ജയ് (40), രാഹുൽ ദാസ് (24) എന്നിവർ പൊലീസിൻ്റെ പിടിയിലായിട്ടുണ്ട്. രാഹുലിനാണ് സന്ദീപ് ശർമയുടെ കളഞ്ഞുപോയ ഫോൺ കിട്ടുന്നത്. സാങ്കേതിക വൈദഗ്ധ്യമുള്ള അയാൾ ഫോൺ അൺലോക്ക് ചെയ്ത്, ഫോൺ പേയുടെ സുരക്ഷാ കോഡുകൾ റീസെറ്റ് ചെയ്താണ് കാശ് അടിച്ചുമാറ്റിയത്. പാൻ കട നടത്തുന്ന സഞ്ജയിൻ്റെ അക്കൗണ്ടിലേക്കാണ് പണം ട്രാൻസ്ഫർ ചെയ്തത്.