സമ്പൂർണ്ണ ബൈബിൾ കൈ കൊണ്ട് പകർത്തിയെഴുതി പള്ളിയിലേക്ക് സമർപ്പിച്ചു.
വലപ്പാട്: ഇടവകയിലെ സെന്റ് തോമസ് കുടുംബ കൂട്ടായ്മ അംഗമായ ചെറുവത്തൂർ പരേതനായ ഫ്രാൻസിസിന്റെ ഭാര്യ അൽഫോൻസയാണ് ബൈബിൾ പഴയനിയമവും പുതിയനിയമവും കൈ കൊണ്ട് പകർത്തിയെഴുതിയത്. പഴയ നിയമം പകർത്തിയെഴുതാൻ 4646 പേജ് A4 ഷീറ്റുകളും, പുതിയ നിയമം പകർത്തിയെഴുതാൻ 1338 ഷീറ്റുകളും വേണ്ടിവന്നു. 85 പേനകളാണ് ഇതിനായി ഉപയോഗിച്ചത്. 2020 ഏപ്രിൽ 25 ന് ആരംഭിച്ച് സെപ്റ്റംബർ 23 വരെ അഞ്ച് മാസം എടുത്താണ് പുതിയ നിയമം പകർത്തിയെഴുതിയത്. 2020 സെപ്തംബർ 23 ന് ആരംഭിച്ച്, 2021 സെപ്റ്റംബർ 23 വരെ ഒരു വർഷം എടുത്താണ് പഴയനിയമം പൂർത്തിയാക്കിയത്. മൂത്തമകൻ ഡെൻസന്റെ മകൾ വലപ്പാട് കാർമ്മൽ സ്കൂൾ 4 -ാം ക്ലാസ് വിദ്യാർത്ഥി ജ്യുവൽ മരിയയാണ് എഴുത്തിന് അമ്മാമയെ സഹായിക്കുന്നത്. വചന പാരായണമാസമായ ഡിസംബർ 4 ന് കുർബാന മദ്ധ്യേ സമ്പൂർണ്ണ ബൈബിൾ വികാരി ഫാ.ബാബു അപ്പാടന് കൈമാറി. ഇടവകയുടെ 522 വർഷത്തെ ചരിത്രത്തിൽ ഇത്തരമൊരു സംരംഭം ആദ്യമാണെന്ന് വികാരി ഫാ.ബാബു അപ്പാടൻ പറഞ്ഞു.