ഗുജറാത്തിൽ തൂക്കുപാലം തകർന്ന സംഭവം; മരണം 100 കടന്നു
അഹമ്മദാബാദ്: ഗുജറാത്തിലെ മോർബിയിൽ തൂക്കുപാലം തകർന്നുണ്ടായ അപകടത്തിൽ മരണസംഖ്യ 100 കടന്നു. പുഴയിൽ കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്. അഹമ്മദാബാദിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള വിനോദസഞ്ചാര കേന്ദ്രമായ ഇവിടെയെത്തിയ സ്ത്രീകളും കുട്ടികളുമടക്കം നൂറിലധികം പേരാണ് പുഴയിൽ വീണത്. ഇന്നലെ വൈകിട്ട് 6.30 ഓടെയായിരുന്നു അപകടം. ബ്രിട്ടീഷ് ഭരണകാലത്ത് മച്ചു നദിക്ക് കുറുകെ നിർമ്മിച്ച 140 വർഷം പഴക്കമുള്ള പാലം അറ്റകുറ്റപ്പണികൾക്കായി ആറ് മാസത്തേക്ക് അടച്ചിട്ടിരിക്കുകയായിരുന്നു. 230 മീറ്റർ നീളമുള്ള പാലം നവീകരണത്തിന് ശേഷം നാല് ദിവസം മുമ്പാണ് തുറന്നത്. അവധി ദിവസമായ ഇന്നലെ വലിയ തിരക്കായിരുന്നു. അപകടസമയത്ത് 400 ഓളം പേരാണ് പാലത്തിലുണ്ടായിരുന്നത്. പാലത്തിന്‍റെ വശങ്ങളിൽ തൂങ്ങിക്കിടക്കുന്നവരുടെയും സഹായം തേടുന്നവരുടെയും ദൃശ്യങ്ങളും പുറത്തുവന്നു. 170 പേരെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. മൂന്ന് ദിവസത്തെ ഗുജറാത്ത് സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായി ചർച്ച നടത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്താൻ അഞ്ചംഗ പ്രത്യേക സംഘത്തെയും നിയോഗിച്ചു.