ക്രിയേറ്റീവ് ചൈൽഡ് പുരസ്‌കാര നിറവിൽ ഹന്ന

തൃശൂർ: സംസ്ഥാന ഭിന്നശേഷി അവാർഡിൽ ക്രിയേറ്റീവ് ചൈൽഡ് വിത്ത്‌ ഫിസിക്കൽ ഡിസബിലിറ്റി എന്ന വിഭാഗത്തിൽ പുരസ്‌കാരം സ്വന്തമാക്കി മലപ്പുറം സ്വദേശിയായ ഹന്ന ജൗഹാറ. തിരൂർ തുഞ്ചൻപറമ്പ് ബഡ്സ് സ്പെഷ്യൽ സ്കൂളിൽ പ്രൈമറി വിദ്യാർത്ഥിനിയാണ് ഹന്ന. 90% സെൻസറി ന്യുറൽ ഹിയറിങ്ങ് ലോസ് വിഭാഗം ഭിന്നശേഷിയിൽപ്പെട്ട ഹന്ന ചിത്രരചന, നാട്യകല, സൈക്ലിങ് എന്നീ മേഖലയിലാണ് കഴിവ് തെളിയിച്ചിട്ടുള്ളത്.

2020ൽ ലോക ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച് സാമൂഹ്യ നീതി വകുപ്പ് നടത്തിയ ജില്ലാതല മത്സരത്തിൽ സിംഗിൾ ഡാൻസിൽ ഒന്നാം സ്ഥാനവും നേടിയിട്ടുണ്ട്. ബഡ്‌സ് സ്ഥാപനങ്ങളുടെ ജില്ലാതല മത്സരത്തിൽ ഓണപുലരി 2021 മലയാളി മങ്ക ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനവും സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനവും നേടിയിട്ടുണ്ട്.

തിരൂർ ബഡ്‌സ് സ്കൂൾ അധ്യാപികയായ ഷൈജയാണ് ഹന്നയുടെ കഴിവുകൾ കണ്ടെത്തി പ്രചോദനവും സഹായങ്ങളും ചെയ്യുന്നത്. സംസ്ഥാന ഭിന്നശേഷി അവാർഡ് ഏറ്റുവാങ്ങാനും ഹന്ന തന്റെ പ്രിയപ്പെട്ട ടീച്ചറോടൊപ്പമാണ് എത്തിയത്. പൊതുവെ വാശി കൂടുതലുള്ള ഹന്ന താൻ എന്ത് പറഞ്ഞാലും അനുസരിക്കുമെന്ന് ഷൈജ ടീച്ചർ പറയുന്നു. ഹന്നയുടെ അച്ഛൻ ബഷീറും സഹോദരൻ മുഹമ്മദ്‌ ഷെഫീക്കും ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്നവരാണ്. അമ്മ മൈമുന ഇവരുടെ സഹായത്തിനായി എപ്പോഴും കൂടെയുണ്ട്.

Related Posts