ഹാപ്പി പ്രൊപ്പോസ് ഡേ; ഹൃദയം തുറന്ന് പറയൂ ആ പ്രണയ രഹസ്യം

പ്രണയിനികളുടെ പ്രിയപ്പെട്ട മാസമാണ് ഫെബ്രുവരി. റോസ് ഡേയിൽ തുടങ്ങി പ്രൊപ്പോസ് ഡേയിലൂടെ കടന്ന് വാലന്റൈൻസ് ഡേയിൽ എത്തുമ്പോഴേക്കും പ്രണയ സാന്ദ്രമായ ഓർമകളുടെ വർണാഭമായ അനുഭവലോകം അവർക്കു മുന്നിൽ ചിറകുവിരിച്ച് പറന്നു തുടങ്ങും.

പ്രണയത്തിന്റെ ആഘോഷമാണ് റോസ് ഡേ. സമ്മാനങ്ങൾ കൊടുത്തും സന്ദേശങ്ങൾ അയച്ചും പാട്ടുകൾ പാടിയും കവിതകൾ ചൊല്ലിയും പ്രിയപ്പെട്ടവരോടുള്ള സ്‌നേഹം പ്രകടിപ്പിക്കുന്ന ദിനം. ഇന്നലെ ആയിരുന്നു റോസ് ഡേ. കൊവിഡ് പ്രതിസന്ധി ആഘോഷങ്ങളുടെയെല്ലാം മാറ്റ് കുറയ്ക്കുന്നുണ്ടെങ്കിലും സോഷ്യൽ മീഡിയയിൽ റോസ് ഡേ പതിവുപോലെ നിറഞ്ഞുനിന്നു. വാലൻ്റൈൻസ് വാരാചാരത്തിൽ പനിനീർപ്പൂക്കളുടെ പ്രാധാന്യം ഉയർത്തിപ്പിടിക്കുന്ന ഒട്ടേറെ സന്ദേശങ്ങൾ ഓൺലൈനിൽ പറന്നു നടന്നു.

ഇന്ന് ഫെബ്രുവരി എട്ട്. ലോക പ്രൊപ്പോസ് ഡേ. പ്രണയം തോന്നുന്ന വ്യക്തിയോട് ഒരാൾ മനസ്സ് തുറന്ന് വിവാഹാഭ്യർഥന നടത്തുന്ന ദിവസമാണിത്. ലോകമെമ്പാടും വലിയ ആഘോഷമായി പ്രൊപ്പോസ് ഡേ മാറാറുണ്ട്. ഒന്നിച്ചുള്ള ജീവിതം പങ്കിടാൻ തയ്യാറാണോ എന്ന് ഒരാൾ മറ്റൊരാളോട് ഹൃദയം തുറന്ന് ചോദിക്കുന്ന ദിനം.

ഹൃദയം കവരുന്ന സ്നേഹത്തിലൂടെ കൺമുന്നിൽ ഇതാ ഒരു പുതിയ ലോകം ഉണർന്നിരിക്കുന്നു എന്ന് പ്രണയിതാക്കൾ പരസ്പരം മന്ത്രിക്കുന്ന ദിനമാണ് പ്രൊപ്പോസ് ഡേ. പ്രണയ കവിതകളുടെ കാലമായിരുന്നു പണ്ട്. എമിലി ഡിക്കിൻസണും ആൻ ബ്രാഡ്സ്ട്രീറ്റും കാരൾ ആൻ ഡഫിയും കീറ്റ്സും ഷെല്ലിയും അടക്കമുള്ളവരുടെ വരികൾ തീർക്കുന്ന പ്രണയ വർണങ്ങളുടെ പൊലിമ. നെരൂദയുടേയും ലോർകയുടേയും മനോഹരമായ കാവ്യ ശകലങ്ങൾ.

കവിതയും കാര്യവും ഇടകലർത്തി പ്രണയം തുളുമ്പുന്ന എഴുത്തുകൾ അതീവ രഹസ്യമായി കൈമാറിയിരുന്ന പഴയ തലമുറയിൽനിന്ന് ഏറെ വഴിമാറി നടന്നെങ്കിലും പുതിയ തലമുറയിലും പ്രണയാർദ്രമായ സന്ദേശങ്ങൾ കൈമാറുന്നവരുണ്ട്. നിന്നോടുള്ള സ്നേഹം വാക്കുകൾ കൊണ്ട് പ്രകടിപ്പിക്കാൻ ആവില്ലെന്നും എൻ്റെ ഹൃദയം നിന്നോട് സംസാരിക്കുമെന്നും വാട്സാപ്പിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും ഇപ്പോഴും കാമുകീ കാമുകന്മാർ ഹൃദയ തരളിതരാവാറുണ്ട്.

എല്ലാവർക്കും ഹാപ്പി പ്രൊപ്പോസ് ഡേ.

Related Posts