കോഴിക്കോട് മെഡിക്കൽ കോളേജിലെ പീഡനം; പ്രതിയായ അറ്റൻഡർ അറസ്റ്റിൽ
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമിക്കുകയായിരുന്ന യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. വടകര മയ്യന്നൂർ സ്വദേശി ശശിധരനെയാണ് മെഡിക്കൽ കോളേജ് പോലീസ് കസ്റ്റഡിയിലെടുത്തത്. മെഡിക്കൽ കോളേജിലെ അറ്റൻഡറായ പ്രതി രണ്ട് ദിവസം മുമ്പാണ് തൈറോയ്ഡ് ശസ്ത്രക്രിയയ്ക്ക് വിധേയയായ സ്ത്രീയെ ആക്രമിച്ചത്. മറ്റൊരു രോഗിയെ പരിചരിക്കാൻ സ്റ്റാഫ് പോയ സമയത്താണ് ഇയാൾ യുവതിയെ പീഡിപ്പിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞ് അർദ്ധബോധാവസ്ഥയിലായിരുന്നതിനാൽ യുവതിക്ക് പ്രതികരിക്കാൻ കഴിഞ്ഞില്ല. തുടർന്ന് യുവതി ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ആഭ്യന്തര അന്വേഷണം നടത്താൻ ആരോഗ്യവകുപ്പ് മൂന്നംഗ സമിതിയെ നിയോഗിച്ചു.