ഫുൾടൈം ക്യാപ്റ്റനാകാൻ റെഡി: ഹാർദിക് പാണ്ഡ്യ
ഫോർട്ട് ലോഡർഹിൽ (ഫ്ലോറിഡ): ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ മുഴുവൻ സമയ ക്യാപ്റ്റനായി ചുമതലയേൽക്കാൻ തയ്യാറാണെന്ന് ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ. അഞ്ചാം ടി20യിൽ വെസ്റ്റ് ഇൻഡീസിനെ 88 റൺസിന് തോൽപ്പിച്ച് ഇന്ത്യ പരമ്പര 4-1ന് സ്വന്തമാക്കിയതിന് പിന്നാലെയാണ് ഹാർദിക് പ്രതികരിച്ചത്. ക്യാപ്റ്റൻ രോഹിത് ശർമയ്ക്കു വിശ്രമം അനുവദിച്ചതിനെത്തുടർന്ന് പകരം നായകൻ ഹാർദിക്കായിരുന്നു. അതേസമയം, ലോകകപ്പ് അരികിലെത്തിയ സമയത്ത് ക്യാപ്റ്റൻസിയെക്കാൾ ടീമിന്റെ കാര്യമാണ് പ്രധാനമെന്നു ഹാർദിക് പറഞ്ഞു. ശ്രേയസ് അയ്യരും (40 പന്തിൽ 64) 10 വിക്കറ്റ് പങ്കിട്ട മൂന്ന് സ്പിന്നർമാരും ചേർന്നാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 189 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റ് ഇൻഡീസിന്‍റെ ഇന്നിംഗ്സ് 100 റൺസിന് അവസാനിച്ചു.