ഹരിത കർമ്മ സേനയുടെ അജൈവ മാലിന്യ ശേഖരണത്തിന് പുന്നയൂരിൽ ആരംഭം
പുന്നയൂർ: സമ്പൂർണ്ണ മാലിന്യ രഹിതമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി പുന്നയൂർ ഗ്രാമപഞ്ചായത്തിൽ ഹരിത കർമ്മ സേനയുടെ അജൈവമാലിന്യ ശേഖരണമാരംഭിച്ചു. പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി വി സുരേന്ദ്രൻ നിർവ്വഹിച്ചു. രണ്ട് വീതം ഹരിത കർമ്മ സേനാംഗങ്ങൾ അതത് വാർഡുകളിലെ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ ശേഖരിച്ച് മിനി എം സി എഫുകളിൽ സൂക്ഷിക്കുകയും അവിടെ നിന്ന് പഞ്ചായത്ത് തലത്തിലുള്ള എം സി എഫിൽ കൊണ്ട് വന്ന് തരം തിരിച്ചതിന് ശേഷം ക്ലീൻ കേരള കമ്പനിക്ക് നൽകുന്നതിനുമാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.
വൈസ് പ്രസിഡണ്ട് സെലീനനാസർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ എം വി ഹൈദരലി, എം കെ അറഫാത്ത്,
എ സി ബാലകൃഷ്ണൻ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ എം പി ഇക്ബാൽ മാസ്റ്റർ, സി ഡി എസ് ചെയർപേഴ്സൺ നസീമ, സെക്രട്ടറി കെ ഷിബുദാസ്, വി ഇ ഒ ഷെക്കീർ, ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഷെമീം അഷ്റഫ്, അസിസ്റ്റൻ്റ് സെക്രട്ടറി റാഫി തോമസ് എന്നിവർ പങ്കെടുത്തു.