ഐസിസി റാങ്കിംഗിൽ കുതിച്ച് ഹർമൻ പ്രീത് കൗർ
ദുബായ്: ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹർമൻ പ്രീത് കൗറിന് ഐസിസി വനിതാ റാങ്കിംഗിൽ മുന്നേറ്റം. വനിതാ ഏകദിന റാങ്കിംഗിൽ ഹർമൻ പ്രീത് അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് ഹർമൻ അഞ്ചാം സ്ഥാനത്തെത്തിയത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ പ്രകടനമാണ് ഹർമന് തുണയായത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ രണ്ടാം മത്സരത്തിൽ വെറും 111 പന്തിൽ നിന്ന് 143 റൺസാണ് ഹർമൻ പ്രീത് നേടിയത്. ഈ പ്രകടനം റാങ്കിംഗിൽ നിർണായകമായി. പരമ്പര ഇന്ത്യ 3-0ന് സ്വന്തമാക്കുകയും ചെയ്തു. ഹർമൻ പ്രീതിനെ കൂടാതെ ഇന്ത്യൻ ഓപ്പണർമാരായ സ്മൃതി മന്ദാന, ദീപ്തി ശർമ എന്നിവരും റാങ്കിംഗിൽ മുന്നേറി. ഏഴാം സ്ഥാനത്തായിരുന്ന സ്മൃതി ഒരു സ്ഥാനം മെച്ചപ്പെടുത്തി ആറാം സ്ഥാനത്തെത്തി. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും താരം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ആദ്യ മത്സരത്തിൽ 40 റൺസും രണ്ടാം മത്സരത്തിൽ അർധസെഞ്ചുറിയും സ്മൃതി നേടിയിരുന്നു.