ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ തടവുപുള്ളികൾക്ക് സ്പെഷ്യൽ പരോൾ അനുവദിക്കാൻ ഹരിയാന
പങ്കാളിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനും കുട്ടികൾ ഉണ്ടാവാനും തടവുപുള്ളികൾക്ക് സ്പെഷ്യൽ പരോൾ അനുവദിക്കാൻ ഹരിയാന ജയിൽ ഡിപ്പാർട്മെന്റ്. ജയിൽ ശിക്ഷ അനുഭവിക്കുന്ന കാലയളവിലും സ്വന്തം ജീവിത പങ്കാളിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനുള്ള അവകാശം കുറ്റവാളികൾക്കുണ്ട് എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ജസ് വീർ സിങ്ങ് കേസിൽ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ നിരീക്ഷണങ്ങളാണ് തീരുമാനത്തിലേക്ക് നയിച്ചത്.
വിരമിച്ച ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് എച്ച് എസ് ബല്ലയുടെ നേതൃത്വത്തിൽ ജയിൽ പരിഷ്കരണ കമ്മിറ്റിക്ക് ഹരിയാന സർക്കാർ രൂപം കൊടുത്തിട്ടുണ്ട്. തടവുപുള്ളികളുടെ ലൈംഗിക അവകാശങ്ങളെ സംബന്ധിച്ച കാര്യങ്ങളിൽ മാർഗ നിർദേശങ്ങൾ നൽകുകയാണ് സമിതിയുടെ ചുമതല. തടവുപുള്ളികളിൽ ആർക്കെല്ലാം ഈ അവകാശം വിനിയോഗിക്കാമെന്നും ഒഴിവാക്കേണ്ടവർ ആരെല്ലാമെന്നും സമിതി തീരുമാനിക്കും.
ജീവപര്യന്തം തടവിന് വിധിക്കപ്പെട്ട് ഹരിയാനയിലെ ബോണ്ട്സി ജയിലിൽ കഴിഞ്ഞിരുന്ന ഒരു കുറ്റവാളിയുടെ ഭാര്യയാണ് കോടതിയെ സമീപിച്ചത്. കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട് 2018 മെയ് 30 മുതൽ പ്രതി ജയിൽശിക്ഷ അനുഭവിച്ചു വരികയാണ്. ഭർത്താവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനുള്ള ഭാര്യയുടെ അവകാശം ചൂണ്ടിക്കാട്ടി കോൻജുഗൽ പരോളിനായി അവർ കോടതിയെ സമീപിക്കുകയായിരുന്നു.
ജയിൽ പരിഷ്കരണ സമിതിയുടെ രൂപീകരണം സംബന്ധിച്ച് അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് അറോറ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്. അർഹതപ്പെട്ട കുറ്റവാളികൾക്ക് ദീർഘകാലം പങ്കാളിയുമൊത്ത് കഴിയാനാവുന്ന വിധത്തിൽ 'ഓപ്പൺ ജയിൽ' സംവിധാനത്തിൽ പരിഷ്കാരങ്ങൾ കൊണ്ടുവരാമെന്ന സർക്കാർ നിർദേശത്തിലും സമിതി ശിപാർശകൾ സമർപ്പിക്കും.