നർമ്മം കൊണ്ട് പ്രേക്ഷക ഹൃദയം നിറച്ചയാൾ എന്നും ഓർമിക്കപ്പെടും: അനുശോചനം അറിയിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഇന്നസെന്‍റിന്‍റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നർമ്മം കൊണ്ട് പ്രേക്ഷക ഹൃദയം നിറച്ച ഇന്നസെന്‍റ് എന്നും ഓർമ്മിക്കപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്‍റെ കുടുംബത്തെയും ആരാധകരെയും അനുശോചനം അറിയിക്കുന്നുവെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു. "മുതിർന്ന നടനും മുൻ എംപിയുമായ ഇന്നസെന്‍റിന്‍റെ നിര്യാണത്തിൽ ദുഖിക്കുന്നു. പ്രേക്ഷകരെ ആകർഷിച്ചതിനും നർമ്മം കൊണ്ട് പ്രേക്ഷകരുടെ ഹൃദയം നിറച്ചതിനും അദ്ദേഹം ഓർമ്മിക്കപ്പെടും. അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളോടും ആരാധകരോടും അനുശോചനം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്‍റെ ആത്മാവിന് ശാന്തി നേരുന്നു" പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു. ഞായറാഴ്ച രാത്രി 10.30 ന് എറണാകുളം ലേക്ഷോർ ആശുപത്രിയിൽ വെച്ചാണ് ഇന്നസെന്റ് മരിച്ചത്. മാർച്ച് മൂന്നിന് ആശുപത്രിയിലെത്തിച്ച അദ്ദേഹത്തെ ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഇത്രയും ദിവസം പിടിച്ചു നിർത്തിയിരുന്നത്.