ഹോട്ടല്‍ ജീവനക്കാര്‍ക്ക് അടുത്ത മാസം മുതൽ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം: വീണാ ജോർജ്
തിരുവനന്തപുരം: ഫെബ്രുവരി ഒന്ന് മുതൽ ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഹെൽത്ത് കാർഡ് ഇല്ലാതെ സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ അനുവദിക്കില്ല. വ്യാജ കാർഡ് എടുക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. "ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലുള്ളവരുടെ ആരോഗ്യസ്ഥിതി സാധാരണ നിലയിലാണെന്നാണ് ലഭിച്ച റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് ഹോട്ടലിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തിട്ടുണ്ട്. തുടർനടപടികൾ സ്വീകരിക്കുന്നതിനാവശ്യമായ പരിശോധനകൾ കൂടി നടത്തുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പിന് നിർദേശം നൽകി. കമ്മീഷണർ അതിനനുസരിച്ചുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. തൊഴിൽ വകുപ്പുമായി ചേർന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവർ താമസിക്കുന്ന ഇടങ്ങൾ പരിശോധിക്കാൻ തീരുമാനിച്ചു. ജോലിക്കാർ താമസിക്കുന്ന ഇടങ്ങളിലെ ശുചിത്വം, സാഹചര്യങ്ങൾ എന്നിവ പരിശോധിക്കും. ആരോഗ്യ വകുപ്പിലെ ഹെൽത്ത് ഇൻസ്പെക്ടർ ഉൾപ്പെടെയുള്ളവർക്ക് പ്രത്യേകമായി ട്രെയിനിങ് നൽകും" മന്ത്രി കൂട്ടിച്ചേർത്തു.